ഇന്‍ഡോനേഷ്യയില്‍ ഭൂചലനത്തിന് പിന്നാലെ സുനാമിയും; 48 മരണം; നൂറുകണക്കിന് പേര്‍ക്ക് പരിക്ക്

0
226

ഇന്‍ഡോനേഷ്യ(www.mediavisionnews.in): ഇന്‍ഡോനേഷ്യയില്‍ ഭൂചലനത്തിന് പിന്നാലെ സുനാമിയും. സുലവേസി ദ്വീപില്‍ വെള്ളിയാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്ന് മധ്യ സുലവേസി പ്രവിശ്യാ തലസ്ഥാനമായ പാലുവില്‍ ആഞ്ഞടിച്ച സുനാമിയിലും 48 ഓളം പേര്‍ മരിക്കുകയും നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പാലു നഗരത്തിന്റെ തീരപ്രദേശത്ത് നിരവധി മൃതദേഹങ്ങളാണ് വന്നടിഞ്ഞത്.

വെള്ളിയാഴ്ച ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെ ഭൂമിക്ക് 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ സുലവേസി ദ്വീപിലെ നിരവധി വീടുകള്‍ തകര്‍ന്നടിഞ്ഞു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായിരിക്കുകയാണ്. സുരക്ഷ മുന്‍നിര്‍ത്തി ദ്വീപിലുള്ളവരോട് സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് നീങ്ങണമെന്ന് ദേശീയ ദുരന്തനിവാരണ വകുപ്പ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ആദ്യ ഭൂചലനം ഉണ്ടായപ്പോൾ തന്നെ സുനാമി മുന്നറിയിപ്പു നൽകിയെങ്കിലും പിന്നീട് അതു പിൻവലിച്ചിരുന്നു. എന്നാൽ മുന്നറിയിപ്പ് പിൻവലിച്ച് അധികം കഴിയും മുമ്പേ സുനാമി ആഞ്ഞടിച്ചു. കഴിഞ്ഞ ജൂലൈ -ഓഗസ്റ്റ്  മാസത്തില്‍ സുലവേസിയുടെ സമീപ ദ്വീപായ ലോമ്പോക്കില്‍ ഉണ്ടായ ഭൂചലനത്തില്‍ 500 ഓളം പേരുടെ ജീവന്‍ നഷ്ടമായിരുന്നു. 2004 ഡിസംബറില്‍ പശ്ചിമ ഇന്‍ഡോനേഷ്യയിലെ സുമാത്രയില്‍ 9.1 തീവ്രതയുള്ള ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി 2,30,000 പേര്‍ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here