അഞ്ചുമണിക്കൂർ നീണ്ട തിരച്ചിൽ; കണ്ടെത്തിയത് ചേതനയറ്റ മനോജിനെ

0
347

ഉപ്പള(www.mediavisionnews.in): ഭഗവതി നഗർ ഭാഗത്ത് ഉപ്പള പുഴയ്ക്ക് ഏറിയാൽ 30 മീറ്റർ വീതിയുണ്ടാകും. പുറമെ ശാന്തമായി ഒഴുകുന്ന പുഴ. ഇവിടെ പാലമില്ലാത്തതിനാൽ ആളുകൾ ഇറങ്ങിക്കടന്ന് മറുഭാഗത്തേക്ക് പോകുന്നത് പതിവാണ്. പാലത്തിനുവേണ്ടി മുറവിളി തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഫലമുണ്ടായിട്ടില്ല. വല്ലപ്പോഴും തോണിയുണ്ടാകും. അത് കിട്ടിയില്ലെങ്കിൽ ഇറങ്ങിക്കടക്കും. അതാണ് തനി ഗ്രാമമായ ഇവിടത്തെ ശീലം. തിങ്കളാഴ്ച ഉച്ചയ്ക്ക് മനോജും പുഴ ഇറങ്ങിക്കടക്കാൻ വന്നതാണ്. പക്ഷേ, വിധി മറുകരയിലായിരുന്നു.

കൂടെയുണ്ടായിരുന്ന ശൈലേശും വസന്തമാസ്റ്ററും മനോജിനെ പുഴയിൽ കാണാതായെന്ന വിവരമറിയിച്ചതോടെ നാട്ടുകാർ പാഞ്ഞെത്തി. സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന വൻ ജനാവലി ഇരുകരയിലുമായി നിലയുറപ്പിച്ചു. ഭഗവതി നഗർ ഭാഗത്ത് വലിയ പമ്പ് ഹൗസുണ്ട്. അതിന്റെ പാരപ്പറ്റിലും വഴിയിലും ആളുകൾ തിങ്ങിനിറഞ്ഞു. മനോജിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിന് ഇവർ മൂകസാക്ഷ്യം വഹിച്ചു.

ഉപ്പള ഫയർ സ്റ്റേഷനിൽനിന്ന് അസിസ്റ്റന്റ് ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ വിനോദ്കുമാർ, വിനീഷ്, ലിനേഷ് കുമാർ, മുകേഷ് എന്നിവരടങ്ങുന്ന സംഘം ഒന്നരയോടെ എത്തി. മനോജ് പുഴിയലിറങ്ങിയ ഭാഗത്ത് ഇവർ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിശദ പരിശോധനയ്ക്കുള്ള സൗകര്യം ഇവരുടെ പക്കലില്ലാത്തതിനാൽ കാസർകോട് സ്റ്റേഷനിൽ വിവരമറിയിച്ചു. ജില്ലാ ഓഫീസർ ബി.രാജിന്റെ നേതൃത്വത്തിൽ കെ.വി.മനോഹരൻ, പി.ജി.ജീവൻ, എച്ച്.ഉമേശൻ, വിൻസ് രാജ്, പി.കെ.അനീഷ് എന്നിവരടങ്ങുന്ന മുങ്ങൽവിദഗ്ധർ രണ്ടരയോടെ എത്തി. ഏറെനേരം മുങ്ങി പരിശോധന നടത്താനുള്ള ഓക്സിജൻ സിലിൻഡർ അടങ്ങുന്ന രണ്ട് സ്കൂബാ സെറ്റുമായാണ് ഇവർ വന്നത്. ഒന്നൂകൂടി വേണ്ടിവരുമെന്ന് കാഞ്ഞങ്ങാട് ഫയർ സ്റ്റേഷനിൽനിന്ന് വിവരമറിയിച്ചു. വി.എസ്.ജയരാജ്, ഉണ്ണി ശ്യാം, സി.വി.നരായണൻ, ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘം കാഞ്ഞങ്ങാട്ടുനിന്ന് ഇതുമായി പാഞ്ഞെത്തി.

ഇതിനിടെ നാട്ടുകാർ തോണിയിൽ തിരച്ചിലാരംഭിച്ചിരുന്നു. മനോജിനെ കാണാതായ സ്ഥലത്തുനിന്ന് 150 മീറ്ററോളം താഴെ മിനി ഡാമുണ്ട്. അതിന് താഴേക്ക് പോകാൻ സാധ്യതയില്ലാത്തതിനാൽ ഇതിനിടയിൽ പരിശോധന ഊർജിതമാക്കി. എച്ച്.ഉമേശനും എ.കെ.ബിനുവും മാസ്ക് ധരിച്ച് മുങ്ങി പരിശോധനയാരംഭിച്ചു. 40 മിനിറ്റോളം അവർ തീവ്രശ്രമം നടത്തി. സിലിൻഡറിലെ ഓക്സിജൻ തീർന്നതിനാൽ അവർ തിരികെ പോന്നു. അപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ഒരുശ്രമംകൂടി നടത്താൻ പി.കെ.അനീഷും പി.ജി.ജീവനും സ്കൂബാ സെറ്റുമായി ഇറങ്ങി. ആദ്യത്തെ ടീം മധ്യഭാഗത്താണ് നോക്കിയത്. അതുകൊണ്ട് രണ്ടാമത്തെ ടീം ഭഗവതി നഗർ ഭാഗത്ത് കരയോട് ചേർന്ന സ്ഥലത്താണ് നോക്കിയത്. 15 മിനിറ്റോളം തിരഞ്ഞപ്പോഴേക്കും അവർ മൃതദേഹം കണ്ടെത്തി. ജീവനോടെ മനോജ് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച് കരയിൽ തിങ്ങിക്കൂടിയവർക്ക് ആഴമേറിയ വേദന സമ്മാനിച്ച് അഞ്ചുമണിക്കൂറോളം നീണ്ട തിരച്ചിലിന് അങ്ങനെ ദുഃഖകരമായ പര്യവസാനം.

ജില്ലാ പഞ്ചായത്തംഗം അർഷാദ് വൊർക്കാടിയും, ഗ്രാമ പഞ്ചായത്തംഗം ബി.എം മുസ്തഫയും മറ്റ് ജനപ്രതിനിധികളും മഞ്ചേശ്വരം പോലീസും സജീവമായി രംഗത്തുണ്ടായിരുന്നു. എല്ലാവരും നിരാശരായി മടങ്ങി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here