സുന്നി ഐക്യ ചര്‍ച്ചയില്‍ നിര്‍ണായക ചുവടുവെപ്പ്; മഹല്ലുകളുടെ നിയന്ത്രണ കാര്യത്തില്‍ രൂപീകരിച്ച പൊതു മാനദണ്ഡം അംഗീകരിച്ചു

0
277

കോഴിക്കോട് (www.mediavisionnews.in): മുടിക്കോട് ജുമാമസ്ജിദ് തുറന്നതിന് പിറകെ സുന്നി ഐക്യചര്‍ച്ചകളില്‍ ഒരു വഴിത്തിരിവ് കൂടി. ഇതുവരെ തര്‍ക്കങ്ങളില്ലാത്ത മഹല്ലുകളുടെ നിയന്ത്രണം സംബന്ധിച്ച് രൂപീകരിച്ച പൊതു മാനദണ്ഡം ഇരു വിഭാഗവും അംഗീകരിച്ചു. ഇക്കാര്യത്തില്‍ സംയുക്ത പ്രസ്താവന ഇറക്കാന്‍ എ.പി വിഭാഗത്തിനു പുറമേ സമസ്തയുടെ മുശാവറയും അംഗീകാരം നല്‍കി.

തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയ ഒരു പള്ളി തുറക്കാനായെങ്കിലും ചില മഹല്ലുകളില്‍ പുതിയ പ്രശ്നങ്ങള്‍ ആരംഭിച്ചത് എ.പി – ഇ.കെ ഐക്യ ചര്‍ച്ചകളില്‍ കല്ലുകടിയായി മാറിയിട്ടുണ്ട്. ഇതോടെയാണ് മഹല്ലുകളുടെ നിയന്ത്രണം സംബന്ധിച്ച് പൊതുവായ മാനദണ്ഡം രൂപീകരിക്കാന്‍ മധ്യസ്ഥ സമിതി തീരുമാനിച്ചത്. പ്രശ്നങ്ങളില്ലാത്ത മഹല്ലുകള്‍ നിലവില്‍ ഏത് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണോ അവര്‍ക്ക് തന്നെ തുടര്‍ന്നും ഭരിക്കാം എന്നതാണ് പ്രധാന വ്യവസ്ഥ. മഹല്ലുകളുടെ അധികാരം സംബന്ധിച്ച് പുതിയ അവകാശവാദങ്ങള്‍ തടയുകയാണ് ലക്ഷ്യം. ഈ മാനദണ്ഡം എ പി വിഭാഗത്തിന്റെ പണ്ഡിതസഭ നേരത്തെ തന്നെ അംഗീകരിച്ചു.

സമസ്ത മുശാവറയും ഈ വ്യവസ്ഥ അംഗീകരിച്ചതോടെ സുന്നി ഐക്യനീക്കങ്ങളില്‍ നിര്‍ണായക ചുവടുവെപ്പായി. അടുത്ത ഐക്യചര്‍ച്ചക്ക് ശേഷം ഇക്കാര്യത്തില്‍ ഇരുവിഭാഗവും ചേര്‍ന്ന് സംയുക്ത പ്രസ്താവനയും പുറത്തിറക്കും. സാദിഖലി ശിഹാബ് തങ്ങള്‍ക്കും എം.ടി അബ്ദുല്ല മുസ്‍ല്യാര്‍ക്കും എതിരെ സമസ്ത മുശാവറയില്‍ വിമര്‍ശനമുയര്‍ന്നു. ഐക്യചര്‍ച്ച നടത്തുന്ന സമിതിയുടെ ചെയര്‍മാന്‍ ആയിരുന്നിട്ടും ഇതുവരെ നടന്ന ഒരു ചര്‍ച്ചയിലും സാദിഖലി തങ്ങള്‍ പങ്കെടുത്തില്ലെന്ന് ഉമര്‍ഫൈസി മുക്കം പറഞ്ഞു.

സമസ്ത ജോയിന്റ് സെക്രട്ടറി കൂടിയായ എം.ടി അബ്ദുല്ല മുസ്ല്യാരുടെ നിലപാട് ഐക്യ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് തടസ്സമായെന്നും ഉമര്‍ഫൈസി കുറ്റപ്പെടുത്തി. ഐക്യം വേണമെന്നത് സമസ്തയുടെ സുചിന്തിതമായ നിലപാടാണെന്നും അതില്‍ മാറ്റമില്ലെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here