സി.പി.എം നേതൃത്വത്തെയും എസ്.എഫ്.ഐയെയും ഞെട്ടിച്ച്‌ എ.ബി.വി.പിയുടെ അട്ടിമറി വിജയം.

0
271

കാസര്‍ഗോഡ്(www.mediavisionnews.in): സി.പി.എം നേതൃത്വത്തെയും എസ്.എഫ്.ഐയെയും ഞെട്ടിച്ച്‌ എ.ബി.വി.പിയുടെ അട്ടിമറി വിജയം.

സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടന ഇപ്പോള്‍ സംസ്ഥാനത്ത് കൂടുതല്‍ കരുത്താര്‍ജിക്കുന്ന കാഴ്ചയാണ് കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ യൂണിയന്‍ തിരഞ്ഞെടുപ്പിലൂടെ വ്യക്തമായിരിക്കുന്നത്.

കാസര്‍ഗോഡ് ജില്ലയില്‍ നാല് കോളേജുകളിലാണ്‌ എ.ബി.വി.പി യൂണിയന്‍ ഭരണത്തില്‍ വന്നിരിക്കുന്നത്.ഇതില്‍ മൂന്നെണ്ണം എസ്.എഫ്.ഐയില്‍ നിന്നും പിടിച്ചെടുത്തതാണ് എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. മത്സരിച്ച എല്ലാം കോളേജുകളിലും സീറ്റുകള്‍ നേടാനും എ.ബി.വി.പിക്ക് കഴിഞ്ഞു.

മഞ്ചേശ്വരം ഗവ.കോളജ്, കുമ്പള ഗവ. ഐ.എച്ച്‌.ആര്‍.ഡി കോളേജ്‌, പനത്തടി സെന്റ് മേരീസ്, നളന്ദ കോളേജ്‌, പറല എന്നിവടങ്ങളിലാണ് എ.ബി.വി.പി യൂണിയന്‍ ഭരണം പിടിച്ചത്.

കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ ബഹു ഭൂരിപക്ഷം കോളേജുകളിലെ യൂണിയനുകളും തൂത്തുവാരിയ എസ്.എഫ്.ഐ വിജയത്തിന് കാസര്‍ഗോഡ് പ്രതിരോധം തീര്‍ക്കാന്‍ എ.ബി.വി.പിക്ക് കഴിഞ്ഞപ്പോള്‍ കെ.എസ്.യു എം.എസ്.എഫ് സംഘടനകളുടെ പ്രകടനം കൂടുതല്‍ ദയനീയ അവസ്ഥയിലായി.

സംസ്ഥാനത്തെ യഥാര്‍ത്ഥ പ്രതിപക്ഷം തങ്ങളാണെന്ന് പറയുന്ന ബി.ജെ.പിക്ക് ചൂണ്ടിക്കാട്ടാന്‍ മറ്റൊരു പിടിവള്ളി കൂടിയാണ് ഇതോടെ ലഭിച്ചിരിക്കുന്നത്.

നേരത്തെ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളില്‍ നടന്ന തിരഞ്ഞെടുപ്പിലും ചില കോളജുകളില്‍ എ.ബി.വി.പി അട്ടിമറി വിജയം നേടിയിരുന്നു.

സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐക്ക് സമീപ ഭാവിയില്‍ തന്നെ എ.ബി.വി.പി വലിയ വെല്ലുവിളി ഉയര്‍ത്തുവാനുള്ള സാധ്യത ഈ വിജയം ചൂണ്ടിക്കാട്ടി ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരും മുന്നറിയിപ്പു നല്‍കുന്നുണ്ട്.

യു.ഡി.എഫ് വിദ്യാര്‍ത്ഥി സംഘടനകളിലേക്ക് പോകേണ്ട വോട്ട് ഷെയര്‍ പോലും കാസര്‍ഗോഡ് ക്യാമ്പസുകളില്‍ എ.ബി.വി.പിയുടെ പെട്ടിയിലാണ് വീണതെന്നാണ് അനുമാനം.

ക്യാമ്പസുകളാണ് കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങളുടെ ചാലക ശക്തിയായി എക്കാലത്തും വിലയിരുത്തപ്പെടുന്നത് എന്നതിനാല്‍ സി.പി.എമ്മിനും കാവി പടയുടെ ഈ മുന്നേറ്റത്തെ നിസാരമായി കാണാനാകില്ല.

പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയത് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സജീവമായി ഉയര്‍ത്തി കൊണ്ടു വന്നിട്ടും കാസര്‍ഗോഡ് സംഘടനക്ക് അടിപതറിയതാണ് നേതൃത്വത്തെ ഞെട്ടിച്ചത്.

ന്യൂനപക്ഷ വര്‍ഗ്ഗീയതയോട്‌ എസ്.എഫ്.ഐയും മാതൃസംഘടനയായ സി.പി.എമ്മും സന്ധി ചെയ്തതിന്റെ ‘ബലിയാടാണ് ‘അഭിമന്യു എന്നതായിരുന്നു എ.ബി.വി.പി പ്രചരണത്തില്‍ ആരോപിച്ചിരുന്നത്.

വിപ്ലവ ‘വീര്യം ‘ നഷ്ടപ്പെട്ട എസ്.എഫ്.ഐ ഇപ്പോള്‍ പഴയ പ്രതാപത്തിന്റെ ‘ഓര്‍മ്മയില്‍’ മാത്രം നിന്നു പോവുകയാണെന്നും അധികം താമസിയാതെ തന്നെ കൂടുതല്‍ തിരിച്ചടി അവര്‍ക്ക് നേരിടേണ്ടതായി വരുമെന്നുമാണ് കാവിപ്പടയുടെ മുന്നറിയിപ്പ്.

അതേസമയം ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റു സര്‍വ്വകലാശാലകളിലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ ‘കാസര്‍ഗോഡ് ‘ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ സി.പി.എം സംസ്ഥാന നേതൃത്വം എസ്.എഫ്.ഐ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ജില്ലകളില്‍ എസ്.എഫ്.ഐ ചുമതലയുള്ള പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും സി.പി.എം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here