വേള്‍ഡ് എക്‌സ്‌പോ സന്നദ്ധസേവനത്തിന് വിദേശികള്‍ക്കും അവസരം

0
239

ദുബൈ(www.mediavisionnews.in): വേള്‍ഡ് എക്‌സ്‌പോ 2020യില്‍ സന്നദ്ധ സേവകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോം ദുബൈ നഗരസഭയില്‍ ആരംഭിച്ചു. വേള്‍ഡ് എക്‌സ്‌പോ നിര്‍ദിഷ്ട വേദിക്കുപുറത്തുള്ള ആദ്യ രജിസ്‌ട്രേഷന്‍ സെന്ററാണിത്. യു എ ഇയിലുള്ള വിദേശികള്‍ക്കും രജിസ്റ്റര്‍ ചെയ്യാമെന്ന് എക്‌സി. ഡയറക്ടര്‍ നജീബ് അല്‍ അലി പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്താനുള്ള പ്ലാറ്റ്‌ഫോമും സ്ഥാപിച്ചിട്ടുണ്ട്. നഗരസഭാ ജീവനക്കാര്‍ക്കും ഇടപാട് നടത്താനെത്തുന്നവര്‍ക്കും വേണ്ടിയാണ് പ്ലാറ്റ്‌ഫോം സ്ഥാപിച്ചതെങ്കിലും പൊതുജനങ്ങള്‍ക്കും ഉപയോഗപ്പെടുത്താം. അവസരം ലഭിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാം.

30,000 ലധികം സന്നദ്ധ സേവകരെയാണ് തിരഞ്ഞെടുക്കുന്നത്. ആയിരക്കണക്കിനാളുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നഗരസഭയിലെ രജിസ്‌ട്രേഷന്‍ സൗകര്യം മൂന്നു ദിവസം നീണ്ടുനില്‍ക്കും. ഇന്നും നാളെയും അഭിമുഖങ്ങള്‍ക്കു ക്ഷണിക്കും. പേര്, ഇ-മെയില്‍ വിലാസം, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവയാണ് ഫീഡ് ചെയ്യേണ്ടത്. ഈ നടപടിക്രമം പൂര്‍ത്തിയായാല്‍ മൊബൈല്‍ ഫോണിലും ഇ-മെയിലിലും അടുത്തഘട്ടത്തിലേക്കുള്ള സന്ദേശം ലഭിക്കും.
ആറ് മാസം നീണ്ടുനില്‍ക്കുന്നതാണ് ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020. ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂറ്റന്‍ പവലിയനുകളുണ്ടാകും. 438 ഹെക്ടറില്‍ ഒരു നഗരം തന്നെ വികസിപ്പിക്കുന്നു. 2020 ഒക്‌ടോബര്‍ 20ന് തുടങ്ങുന്ന എക്‌സ്‌പോ 2021 ഏപ്രില്‍ 10ന് അവസാനിക്കും. ലക്ഷക്കണക്കിനാളുകളാണ് സന്ദര്‍ശകരായി എത്തുക. ഇവര്‍ക്കൊക്കെ വഴികാട്ടികളാകാനും മറ്റും ആയിരക്കണക്കിനാളുകളുടെ സേവനം അനിവാര്യം.

132 രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ട്. യു എ ഇയിലെ വ്യത്യസ്ത രാജ്യക്കാരെ സന്നദ്ധ സേവകരായി ആഗ്രഹിക്കുന്നുവെന്ന് സീനിയര്‍ മാനേജര്‍ സഈദ് അല്‍ ശഖി വ്യക്തമാക്കി.

ഇന്ത്യയുടെ വലിയ പങ്കാളിത്തം ഉണ്ടാകും. ഇന്ത്യന്‍ പവലിയനുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരെതന്നെ സേവകരായി ലഭിക്കുകയാണെങ്കില്‍ ഉചിതമാകും. ഐടി, ആര്‍ട് എന്നിങ്ങനെ മിക്ക മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ആവശ്യമുണ്ട്. ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ അഭിമുഖത്തിന് ഹാജരാകാന്‍ ഇമെയില്‍ സന്ദേശം ലഭിക്കും. സന്നദ്ധ സേവകര്‍ക്ക് പ്രതിഫലം ആലോചനയിലുണ്ട്. നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ പങ്കാളികളായതിനാല്‍ അവരെക്കൂടി സംയോജിപ്പിച്ചാണ് പ്രതിഫലം ആലോചിക്കുന്നത്.

നിസാന്‍, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികളുടേതാണ് പങ്കാളിത്തം.
അന്ധരും ബധിരരുമായ സന്ദര്‍ശകരെ സഹായിക്കാന്‍ പ്രത്യേകം സന്നദ്ധ സേവകരുണ്ടാകും. എല്ലാവര്‍ക്കും പരിശീലനം നല്‍കും. എത്ര ദിവസം, എവിടെ പരിശീലനം എന്നീ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും സഈദ് അല്‍ ശഖി പറഞ്ഞു. ദുബൈ നഗരസഭയില്‍ നടന്ന വിശദീകരണയോഗത്തില്‍ നഗരസഭാ ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹാജിരിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ദാവൂദ് ഹാജിരിയാണ് പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തത്. നഗരസഭാ ഉദ്യോഗസ്ഥരും ജീവനക്കാരും വ്യാപകമായി പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തുമെന്ന് നഗരസഭാ അസി. ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുബാറക് അല്‍ മുതൈവി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here