ഉപ്പള (www.mediavisionnews.in): മഹാപ്രളയത്തിനു പിന്നാലെയുണ്ടായ കടുത്ത വേനലും വരൾച്ചയും പലേടത്തും ഇപ്പോൾ തന്നെ കുടിവെള്ള വിതരണം താറുമാറായിരിക്കുന്നു. മഞ്ചേശ്വരം താലൂക്കിലെ ഭൂരിഭാഗം പുഴകൾ വറ്റുകയും നീരൊഴുക്ക് ക്രമാതീതമായി കുറയുകയും ചെയ്തിരിക്കുന്നു. മംഗൽപ്പാടി, പുത്തിഗെ, ഷിറിയ, കഞ്ചികട്ട, അംഗടിമുഗർ എന്നി പുഴകൾ പത്ത് ദിവസത്തിനകം പൂർണ്ണമായും വറ്റിപോകുന്ന സ്ഥിതിയാണുള്ളത്. തോടുകളും ചിറകളും വറ്റി ഉണങ്ങിയ നിലയിലാണ്.
മംഗൽപാടി പഞ്ചായത്തിലെ ശുദ്ധ ജല വിതരണത്തിനു ഉപയോഗിക്കുന്ന കൊടങ്ക പുഴയിൽ വെള്ളത്തിന്റെ തോത് കുറഞ്ഞ് വരുന്നത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇവിടെ പുഴയിലെ കിണറിൽ നിന്നാണ് കുടിവെള്ളത്തിനായുള്ള വെള്ളം ശേഖരിക്കുന്നത്. കിണറ്റിൽ ഗണ്യമായ നിലയിൽ വെള്ളം കുറഞ്ഞതിന്റെ ഫലമായി മംഗൽപാടി പഞ്ചായത്തിൽ കുടിവെള്ള വിതരണം ഇടവിട്ട ദിവസങ്ങളിലാണ് നടക്കുന്നത്. തൽസ്ഥിതി തുടർന്നാൽ ആഴ്ച്ചയിൽ ഒരിക്കൽ മാത്രം വെള്ളം വിതരണം നടക്കുകയുള്ളുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇതോടെ നൂറ് കണക്കിന് കർഷകരുടെ പ്രതീക്ഷയാണ് അസ്തമിച്ചിരിക്കുന്നത്. കൊടും വരൾച്ച മുൻപെങ്കിലും കുടിവെള്ള വിതരണം ഉറപ്പുവരുത്താൻ അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.