ന്യൂദല്‍ഹി (www.mediavisionnews.in): കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന അവഗണനയ്‌ക്കെതിരെ പ്രതിഷേധവുമായി പി. കരുണാകരന്‍ എം.പി. കേരളത്തിലെ പ്രളയക്കെടുതിയില്‍ ആവശ്യമായ സാമ്പത്തിക സഹായം തേടാനായി കഴിഞ്ഞ പത്തുദിവസമായി കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പ്രധാനമന്ത്രിയെ കാണാന്‍ അവസരം ചോദിക്കുകയാണെന്നും ഇതുവരെ അദ്ദേഹം അനുമതി നല്‍കിയിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
ആഗസ്റ്റ് 30, 31 തിയ്യതികളില്‍ കൂടിക്കാഴ്ചയ്ക്ക് അനുവാദം തേടിയിരുന്നു. സെപ്റ്റംബര്‍ മൂന്നിനുശേഷം നല്‍കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതും മാറ്റിയെന്നാണ് അദ്ദേഹം പറയുന്നത്.
ഇതിനിടെ കേരളത്തില്‍ നിന്നു തന്നെയുള്ള നടന്‍ മോഹന്‍ലാലിന് ഒറ്റത്തവണ ചോദിച്ചപ്പോള്‍ തന്നെ പ്രധാനമന്ത്രി കാണാന്‍ അവസരം നല്‍കിയെന്നുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
‘അനുവാദത്തിനു വേണ്ടി എ.കെ. ആന്റ്ണി ഉള്‍പ്പടെയുള്ള നേതാക്കള്‍ 10 ദിവസമായി കാത്തു നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം തല്‍കിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അതുവഴി കേരളത്തെ അവഗണിക്കുകയാണ് ചെയ്തത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്’ അദ്ദേഹം പറയുന്നു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് അനുമതി ചോദിച്ചിട്ടും പ്രധാനമന്ത്രിയെ കാണാന്‍ സമയം അനുവദിക്കാത്തത് വിവാദമായിരുന്നു. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായായിരുന്നു മുഖ്യമന്ത്രി അനുമതി തേടിയത്. ഇതിനു മുമ്പ് മൂന്നു തവണയോളം പ്രധാനമന്ത്രി മുഖ്യമന്ത്രിയ്ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നു.