പ്രളയക്കെടുതി: കേന്ദ്രത്തെ പ്രശംസിച്ച് വീണ്ടും മുഖ്യമന്ത്രി, നല്‍കിയത് ‘നല്ല തുക’

0
282

തിരുവനന്തപുരം(www.mediavisionnews.in): പ്രളയ ദുരിതത്തില്‍ കേരളത്തെ സഹായിക്കുന്ന നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര സഹായം തടയുന്നതടക്കം കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന നീക്കങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരള ജനത അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെയാണ് ദേശീയ ദിനപത്രമായ ‘ദി ഹിന്ദു’വിന് നല്‍കിയ അഭിമുഖത്തില്‍ പിണറായി കേന്ദ്രത്തിനുമേല്‍ പ്രശംസ ചൊരിഞ്ഞത്. അടിയന്തര സഹായമായി 2000 കോടി ആവശ്യപ്പെട്ടിട്ടും വെറും 600 കോടിയേ കേന്ദ്രം നല്‍കിയുള്ളൂവെങ്കിലും അതൊരു ‘നല്ല തുക’ ആണെന്നാണ് പിണറായി അഭിമുഖത്തില്‍ പറയുന്നത്.

അന്തിമ സഹായത്തിലും ഇതേസമീപനം തന്നെയാണ് കേന്ദ്രത്തില്‍ നിന്ന് ആഗ്രഹിക്കുന്നതെന്നും ലോകബാങ്കില്‍ നിന്ന് കൂടുതല്‍ തുക കടമെടുക്കാന്‍ കേന്ദ്രം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും പിണറായി പറഞ്ഞു.

‘കേന്ദ്രസഹായം ഒന്നിച്ചല്ല; പല ഘട്ടങ്ങളായാണ് വരുന്നത്. കേന്ദ്രം പ്രഖ്യാപിച്ചത് വെറും അഡ്വാന്‍സ് സഹായമാണ്. അത് നല്ലൊരു തുകയുമാണ്. കേരളം സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി 100 കോടിയും പ്രധാനമന്ത്രി 500 കോടിയും പ്രഖ്യാപിച്ചു. ഇതൊരു സാധാരണ സഹായമല്ല. കേരളത്തെ കേന്ദ്രം എത്രമാത്രം പിന്തുണക്കുന്നു എന്നാണ് അത് കാണിക്കുന്നത്.’ – പിണറായി പറയുന്നു. ദുരന്തഘട്ടത്തില്‍ കേന്ദ്രം അനുവദിച്ച സൈനിക, ഉപകരണ സഹായങ്ങളെയും വലിയ ഔദാര്യമെന്ന മട്ടിലാണ് പിണറായി പരാമര്‍ശിക്കുന്നത്.

കേരളത്തിന് 700 കോടി രൂപ സഹായം നല്‍കാന്‍ യു.എ.ഇ സന്നദ്ധമാണെന്ന കാര്യം പ്രമുഖ വ്യവസായി എം.എ യൂസുഫലി വഴിയാണ് അറിഞ്ഞതെന്നും അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം യു.എ.ഇ ഭരണകൂടവും കേന്ദ്ര സര്‍ക്കാറും തമ്മില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ വിവാദത്തിന് ഇടമില്ലെന്നും പ്രധാനമന്ത്രിയോ യു.എ.ഇ പ്രസിഡണ്ടോ സഹായതുക സംബന്ധിച്ചുള്ള തന്റെ വാക്കുകള്‍ തിരുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എ.ഇ പ്രഖ്യാപിച്ച 700 കോടി രൂപയടക്കമുള്ള അന്താരാഷ്ട്ര സഹായങ്ങള്‍ കേരളത്തിന് ലഭിക്കാതിരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇടപെടുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് പിണറായി വീണ്ടും കേന്ദ്രത്തെ പുകഴ്ത്തുന്നത്. പ്രളയ ഘട്ടത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്താതെ സംയമനം പാലിച്ച മുഖ്യമന്ത്രിയുടെ നയത്തിന് കോണ്‍ഗ്രസും മുസ്ലിം ലീഗും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പോലും പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, പ്രളയം അവസാനിക്കുകയും സംസ്ഥാന പുനര്‍നിര്‍മാണ പ്രക്രിയ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലും കേന്ദ്രസര്‍ക്കാറിനെതിരെ ഒരു വാക്കുപോലും പറയാതിരിക്കാനുള്ള ജാഗ്രത മുഖ്യമന്ത്രി പാലിക്കുന്നത് സംശയമുണര്‍ത്തുന്നതാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here