നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

0
256

കൊച്ചി (www.mediavisionnews.in):പരുക്കൻ വില്ലൻ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവവേഷങ്ങളിലൂടെ മലയാളസിനിമയിൽ ഇടം നേടിയ ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. സംവിധായകൻ, സീരിയൽ നടൻ തുടങ്ങിയ നിലകളിലും പ്രേക്ഷകർക്കു പരിചിതനാണ്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ ഒാമല്ലൂർ സ്വദേശിയായ രാജു പട്ടാളസേവനത്തിനു ശേഷമാണു ചലച്ചിത്രരംഗത്തെത്തിയത്. 1981ൽ പുറത്തിറങ്ങിയ ‘രക്തം’ ആദ്യ ചിത്രം. രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സി ഐ ഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷമിട്ടു. 2017 ൽ പുറത്തിറങ്ങിയ ‘മാസ്റ്റർപീസ്’ ആണ് ഒടുവിൽ അഭിനയിച്ച ചിത്രം. ‘ഇതാ ഒരു സ്നേഹ ഗാഥ’, ‘മിസ്റ്റർ പവനായി 99.99’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: പ്രമീള. രവിരാജ് ഏക മകൻ.

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ് അന്ന് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി വിമാനം ഇറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here