കാസർകോട് (www.mediavisionnews.in): കാസർകോട് ലോകസഭ മണ്ഡലത്തിൽ 300 കോടി രൂപയുടെ വികസന പദ്ധതികൾക്ക് റെയിൽവെയുടെ അനുമതി. ഈ പദ്ധതികളിൽ ഭൂരിഭാഗവും റെയിൽവെ മേൽപ്പാലമായതിനാൽ സംസ്ഥാന സർക്കാരിന്റെ വിഹിതവും ഇതിനൊപ്പം ലഭിക്കും. പകുതി തുകയാണ് സംസ്ഥാനം നൽകേണ്ടത്. പി കരുണാകരൻ എംപിയുടെ ഇടപെടലിന്റെ ഫലമായി സംസ്ഥാനം ഈ തുക കിഫ്‌ബിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പദ്ധതികളുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ദക്ഷിണ റെയിൽവെ ജനറൽ മാനേജർ ആർ കെ കുൽക്ഷേത്ര പുറത്തിറിക്കിയ വികസന രേഖയിലാണ് കാസർകോട് മണ്ഡലത്തിൽ പുതുതായി അനുമതി നൽകിയ പദ്ധതികൾ പരാമർശിക്കുന്നത്.
തൃക്കരിപ്പൂർ ബിരിച്ചേരി, വെള്ളാപ്പ്, ഉദിനൂർ, കാഞ്ഞങ്ങാട് കുശാൽ നഗർ, ഉദുമ, കോട്ടിക്കുളം,മഞ്ചേശ്വരം, ഹൊസങ്കടി തുടങ്ങിയ മേൽപ്പാലങ്ങൾക്കാണ് അനുമതി ലഭിച്ചത്. ഇതിൽ ബിരിച്ചേരി മേൽപ്പാലത്തിന്റെ പദ്ധതി റിപ്പോർട്ട് തയ്യാറായിട്ടുണ്ട്. എംപിയുടെ നിർദേശ പ്രകാരം പ്രഭാകരൻ പാക്കേജിൽ ഉൾപ്പെടുത്തിയാണ് റിപ്പോർട്ടാക്കിയിട്ടുള്ളത്. ഇതിന് കിഫ്‌ബിയിൽ നിന്ന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് റെയിൽവെ മേൽപ്പാലത്തിന് കിഫ്‌ബി ഫണ്ട് നൽകുന്നത്.
കാഞ്ഞങ്ങാട് സ്‌റ്റേഷനിലെ മേൽപ്പാലം പണി നടക്കുകയാണ്. ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള നീലേശ്വരം പള്ളിക്കര മേൽപ്പാലം നിർമാണത്തിന്റെ പണി ത്വരിതഗതിയിൽ മുന്നേറുകയാണ്.പുതിയ പദ്ധതിയിൽ കാസർകോട് റെയിൽവെ സ്‌റ്റേഷനിലെ മേൽക്കൂര നിർമാണത്തിന് 3.45 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. മണ്ഡലത്തിൽ പത്ത് കോടി രൂപയുടെ മറ്റ് വികസന പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കയാണ്. 500 കോടി രൂപയുടെ റെയിൽവെ വികസന പ്രവർത്തനങ്ങൾ ഈ ലോകസഭ കാലയളവിനിടയിൽ മണ്ഡലത്തിൽ നടപ്പിലാവാൻ പോകുകയാണ്.
ദക്ഷിണ റെയിൽവെ ജനറൽ മാനേജരുമായി 26ന് തിരുവനന്തപുരത്ത് നടത്തുന്ന ചർച്ചയിൽ പി കരുണാകരൻ എംപി ഉന്നയിക്കുന്ന ആവശ്യങ്ങൾ കൂടി പരിഗണിച്ചാൽ ഉത്തര മലബാറിലെ റെയിൽ യാത്ര സുഗമമാകും.
പുതിയ സമയ പട്ടികയിൽ ഉൾപ്പെട്ട കണ്ണൂർ‐ ബൈന്തൂർ പാസഞ്ചർ സമയം പുന:ക്രമീകരിച്ച് യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സർവീസ് നടത്തുക, കണ്ണൂർ‐ മംഗളൂരു പാസഞ്ചർ ട്രെയിനിന്റെ കോച്ചുകൾ വെട്ടിക്കുറക്കരുത്, ട്രെയിനുകളിലെ പഴകി ദ്രവിച്ച കോച്ചുകൾ മാറ്റി പുതിയവ സ്ഥാപിക്കുക, ചെന്നൈ സൂപ്പർ ഫാസ്റ്റിന് കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കുക, മണ്ഡലത്തിലെ പത്ത് ആദർശ് സ്റ്റേഷനുകളും അതിന്റെ പദവിക്കനുസരിച്ച് വികസിപ്പിക്കുക, എ ക്ലാസ് സ്റ്റേഷനുകളായ പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ ഇപ്പോൾ നിർത്താത്ത വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുക,കണ്ണൂർ‐ മംഗളൂരു റൂട്ടിൽ വൈദ്യുതീകരണം പൂർത്തിയായതിനാൽ മെമു സർവീസ് തുടങ്ങുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ചർച്ചയാവുക.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.