കാറിന്‍റെ സൈലന്‍സറില്‍ നിന്നും ജലം ഇറ്റുവീഴുന്നതിനു കാരണം

0
495

കൊച്ചി (www.mediavisionnews.in): ചിലപ്പോഴൊക്കെ ചില കാറുകളുടെ എക്സ്ഹോസ്റ്റര്‍ പൈപ്പുകളില്‍ നിന്നും ഇടക്കിടെ ജലകണികകള്‍ ഇറ്റിറ്റുവീഴുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. പലപ്പോഴും അന്യകാറുകളുടെ പിന്‍ഭാഗത്തു നിന്നായിരിക്കും ഈ കാഴ്ചകള്‍ പലരും കണ്ടിട്ടുണ്ടാകുക. ഇതു കാണുമ്പോള്‍ അല്‍പ്പം ടെന്‍ഷന്‍ തോന്നിയേക്കാം. ഒരുപക്ഷേ നിങ്ങളറിയാതെ നിങ്ങളുടെ വാഹനത്തിലും ഇതേ പ്രതിഭാസമുണ്ടോ എന്ന് സംശയിക്കുന്ന വാഹന ഉടമകളെ കുറ്റം പറയാനാവില്ല.

മെക്കാനിക്കുകളോടും വാഹന വിദഗ്ധരോടുമൊക്കെ ചോദിച്ചാല്‍ ചിലര്‍ പറയും കാറിന് മികച്ച ഇന്ധനക്ഷമത ലഭിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഈ പ്രതിഭാസമെന്ന്. ഇത് ഒരുപരിധിവരെ ശരിയാണ്. കാരണം കാറിന്‍റെ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ് ഈ ജലകണികകള്‍ എന്നാണ് വാഹനലോകം പറയുന്നത്. എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന സംശയം പലര്‍ക്കുമുണ്ടാകും. ഈ പ്രതിഭാസത്തിനു പിന്നിലെ ശാസ്ത്രം അറിയാന്‍ പലര്‍ക്കും താല്‍പര്യവുമുണ്ടാകും. അതിന്‍റെ ഉത്തരമാണ് ഇനി പറയുന്നത്.

ഒരു പെട്രോള്‍ തന്മാത്രയില്‍ എട്ട് കാര്‍ബണ്‍ കണങ്ങളും 18 ഹൈഡ്രജന്‍ കണങ്ങളുമാണുള്ളത്. പെട്രോള്‍ തന്മാത്രയുടെ രാസസൂത്രം C8H18 സൂചിപ്പിക്കുന്നത് ഈ കാര്‍ബണ്‍, ഹൈഡ്രജന്‍ കണങ്ങളെയാണ്. എഞ്ചിനില്‍ പെട്രോളിന്‍റെ ജ്വലനം നടക്കുമ്പോള്‍ ഹൈഡ്രോകാര്‍ബണ്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡും വെള്ളവുമായി വേര്‍തിരിക്കപ്പെടും. ഇങ്ങനെയണ് ഊര്‍ജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത്.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ സമ്മിശ്ര രൂപത്തില്‍ 25 ഓക്‌സിജന്‍ കണികകള്‍ക്ക് ഒപ്പം രണ്ട് ഹൈഡ്രോകാര്‍ബണ്‍ കണങ്ങളാണ് എഞ്ചിനിലുള്ളതെന്ന് സങ്കല്‍പ്പിക്കുക. ഇവ  സ്പാര്‍ക്ക് പ്ലഗില്‍ ജ്വലനപ്രകിയയില്‍ ഏര്‍പ്പെടുമ്പോള്‍ സൈലന്‍സര്‍ പൈപ്പിലൂടെ 16 കാര്‍ബണ്‍ ഡൈഓക്‌സൈഡ് തന്മാത്രകളും 18 ജല കണങ്ങളും പുറത്തേക്കു വരും.

എന്നാല്‍ ചില കാറുകള്‍ ഇങ്ങനെ കൃത്യമായ അനുപാതത്തില്‍ ഇന്ധനം കത്തണമെന്നില്ല. ഈ വാഹനങ്ങളുടെ സൈലന്‍സറില്‍ നിന്നും  കാര്‍ബണ്‍ ഡൈഓക്‌സൈഡിനും ജലത്തിനുമൊപ്പം കുറഞ്ഞ അളവില്‍ കാര്‍ബണ്‍ മോണോക്‌സൈഡും (CO), പാതികത്തിയ ഹൈഡ്രോകാര്‍ബണുകളും (C8H18), നൈട്രജന്‍ ഓക്‌സൈഡും (NO2) പുറത്ത് വരാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ എക്‌സ്‌ഹോസ്റ്റ് വാതകങ്ങളെ പരമാവധി നിയന്ത്രിക്കുക എന്ന ചുമതലയുള്ള  കാറ്റലിറ്റിക് കണ്‍വേര്‍ട്ടറുകള്‍ ഇടപെടും.

എഞ്ചിനും എക്‌സ്‌ഹോസ്റ്റ് സംവിധാനവും പൂര്‍ണമായും ചൂടുപിടിക്കാത്ത സാഹചര്യത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്‍പ്പെടെയുള്ള വിഷവാതകങ്ങളെ നിരുപദ്രവ മിശ്രിതങ്ങളാക്കി മാറ്റുകയാണ് ഈ കാറ്റലിറ്റിക് കണ്‍വേര്‍ട്ടറുകളുടെ ദൗത്യം.

മികച്ച രീതിയില്‍ നടക്കുന്ന ജ്വലനത്തിന്‍റെ ഭാഗമാണ് ഇങ്ങനെ പുറത്തുവരുന്ന ജലം. എഞ്ചിന്‍ ചൂടാവുന്നതോടെ ഈ ജല കണികകള്‍ നീരാവിയായി മാറുന്നതിനാല്‍ കൂടുതല്‍ ജലം നിങ്ങള്‍ക്കു കാണാന്‍ സാധിക്കുന്നില്ലെന്നു മാത്രം.

വളരെ ചെറിയ അളവിലാണ് ഇങ്ങനെ ജല കണികകള്‍ കാണുന്നതെങ്കില്‍ അതൊരു തകരാറായി കാണേണ്ടതില്ല. എന്നാല്‍ കൂടിയ അളവിലുള്ള ജലപ്രവാഹമാണ് എക്സ് ഹോസ്റ്റര്‍ പൈപ്പില്‍ നിന്നുണ്ടാകുന്നതെങ്കില്‍ തീര്‍ച്ചയായും വാഹനവുമായി ഒരു മെക്കാനിക്കിനെ സമീപിക്കുന്നതാണ് ഉചിതം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here