കണ്ണൂര്‍ (www.mediavisionnews.in): എല്ലാവരും കാത്തിരുന്ന ആ സ്വപ്‌നം പൂവണിയുകയാണ്. അങ്ങനെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം യാഥാര്‍ത്ഥ്യമായി. വിമാനത്താവളത്തില്‍ ആദ്യ വലിയ യാത്രാവിമാനം വ്യാഴാഴ്ച പറന്നിറങ്ങുകയാണ്.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വലിയ യാത്രാവിമാനം വ്യാഴാഴ്ച പറന്നിറങ്ങും. അന്തിമ അനുമതി ലഭിക്കുന്നതിനുള്ള അവസാന കടമ്പയാണിത്. എയര്‍പോര്‍ട്ട് അതോറിറ്റി കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ പരിശോധനയെത്തുടര്‍ന്നു തയാറാക്കിയ ഇന്‍സ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യര്‍ അനുസരിച്ചാണു വിമാനം ഇറക്കുക. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 738 വിമാനമാണു വരുന്നത്. തിരുവനന്തപുരത്തു നിന്നു രാവിലെ ഒന്‍പതിനു പുറപ്പെടുന്ന വിമാനം പത്തുമണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ഇറങ്ങും.
വലിയ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കല്‍ മൂന്നു മണിക്കൂറോളം തുടരും. ഇതിനിടെ ആറു ലാന്‍ഡിങ്ങുകള്‍ നടത്തും. എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സഹായത്തോടെയാണ് പരീക്ഷണ പറക്കലും ലാന്‍ഡിങ്ങുകളും നടത്തുന്നത്. വിമാനം വിജയകരമായി ഇറക്കി ഫ്‌ലൈറ്റ് വാലിഡേഷന്‍ പൂര്‍ത്തിയാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) റിപ്പോര്‍ട്ട് നല്‍കിയ ശേഷമാവും വിമാനത്താവളത്തിന് അന്തിമ അനുമതി നല്‍കുക.