റിയാദ്(www.mediavisionnews.in) : സൗദിയുടെ സ്വദേശിവല്‍കരണ പദ്ധതിയായ നിതാഖാതിന്റെ മറ്റൊരു ഘട്ടത്തിനു കൂടി ഇന്നു തുടക്കമാവും. മൂന്നു ഘട്ടമായി നടപ്പാക്കുന്ന 12 മേഖലകളിലെ സ്വദേശിവല്‍കരണ പദ്ധതിയുടെ ആദ്യഘട്ടമാണ് തുടങ്ങുന്നത്. കാര്‍/ബൈക്ക് ഷോപ്പ്, കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഓഫിസ് ഫര്‍ണിച്ചര്‍, ഗാര്‍ഹിക ഉപകരണ കടകള്‍ എന്നീ നാലു മേഖലകളിലെ മുപ്പതോളം ഇനങ്ങളിലെ സ്വദേശിവല്‍കരണം പ്രാബല്യത്തിലാകും. ഈ വിഭാഗങ്ങളിലെ സ്ഥാപനങ്ങളില്‍ 70 ശതമാനം സ്വദേശികളായിരിക്കണമെന്നാണു നിബന്ധന.
സൗദിയിലെ പന്ത്രണ്ട് മേഖലകളിലെ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിനാണ് ഇന്ന് തുടക്കമാവുന്നത്. പുതുതായി ആരംഭിക്കുന്ന സ്വദേശിവത്കരണ നടപടി മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ നടത്തുന്ന ചെറുകിട സ്ഥാപനങ്ങളെ ഗുരുതരമായി ബാധിക്കും. ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ചെറുകിട കച്ചവടക്കാര്‍.
ഓട്ടോമൊബൈല്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫര്‍ണീച്ചര്‍, പാത്രക്കടകള്‍ എന്നിവിടങ്ങളിലാണ് ഇന്ന് മുതല്‍ സ്വദേശിവല്‍ക്കരണം നിലവില്‍ വരുന്നത്. ഇത്തരം കടകളിലെ തൊഴിലാളികളില്‍ എഴുപത് ശതമാനം സ്വദേശികള്‍ ആയിരിക്കണമെന്നതാണ് നിബന്ധന. വിരലിലെണ്ണാവുന്ന തൊഴിലാളികള്‍ മാത്രം ജോലിചെയ്യുന്ന ചെറുകിട കച്ചവട സ്ഥാപനങ്ങളെ പുതിയ നിബന്ധന കാര്യമായി ബാധിക്കും. പുതുതായി സ്വദേശികളെ നിയമിച്ചു മുന്നോട്ടു പോവാനുള്ള സാഹചര്യം ഇത്തരം ചെറുകിട കച്ചവടക്കാര്‍ക്ക് ഉണ്ടാവില്ല. ഫലത്തില്‍ അവര്‍ കച്ചവടം അടച്ചുപൂട്ടുകയോ മറ്റു മേഖലകളിലേക്ക് തിരിയുകയോ ചെയ്യേണ്ടതായി വരും.
എന്നാല്‍ ഇടത്തരം കച്ചവടക്കാര്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ്. ഒരേ ഷോപ്പില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന ഇത്തരം കടകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാവുന്ന വിഭാഗത്തിലേക്ക് മാത്രമായി സ്വദേശികളെ നിയമിച്ചു മുന്നോട്ടു പോവാനാണ് ഇവരുടെ തീരുമാനം.
വരും മാസങ്ങളില്‍ കൂടുതല്‍ മേഖലയിലേക്ക് സ്വദേശിവല്‍ക്കരണം കടന്നുവരുന്നതോടെ കച്ചവട കേന്ദ്രങ്ങളില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കേണ്ടതായി വരും. ഇതുമൂലം സ്‌പോണ്‍സര്‍മാര്‍ തങ്ങളുടെ നിലവിലെ വിദേശ തൊഴിലാളികളെ പകുതിയായെങ്കിലും കുറക്കാന്‍ നിര്‍ബന്ധിതരാവും. ഇത് മലയാളികള്‍ ഉള്‍പ്പെടയുള്ള പതിനായിരക്കണക്കിന് വിദേശികളുടെ ജോലി നഷ്ടപ്പെടുന്നതിന് കാരണമാവും.
നവംബര്‍ പത്തിനു തുടങ്ങുന്ന രണ്ടാം ഘട്ടത്തില്‍ ഇലക്ട്രോണിക്, ഇലക്ട്രിക് ഷോപ്പുകള്‍, കണ്ണട, വാച്ച് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെട്ടിട നിര്‍മാണ കടകള്‍, സ്‌പെയര്‍പാര്‍ട്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, കാര്‍പെറ്റ്, മിഠായി എന്നീ മേഖലകളില്‍ ജനുവരി എട്ടിനും സ്വദേശിവല്‍കരണം നടപ്പാക്കും. ജനുവരിയോടെ 12 മേഖലകളിലും സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കുമ്പോള്‍ ഒട്ടുമിക്ക തസ്തികകളിലും വിദേശികള്‍ക്ക് ജോലി നഷ്ടമാകും. മെഡിക്കല്‍, ഐ.ടി അടക്കം 11 മേഖലകള്‍കൂടി നിതാഖാതിനു കീഴില്‍ കൊണ്ടുവരാന്‍ സ്വദേശിവല്‍കരണ സമിതിക്ക് പദ്ധതിയുണ്ട്. വിദഗ്ധ ജോലിക്കാരായ വിദേശികളും സമീപഭാവിയില്‍ തിരിച്ചുപോകുകയോ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുകയോ വേണ്ടിവരുമെന്ന സൂചനയാണിത്.