സ്ഥാനകയറ്റം സര്‍ക്കാരിന്റെ ഔദാര്യം; സാലറി ചലഞ്ചിലൂടെ പ്രത്യുപകാരം ചെയ്യാണമെന്ന് ഡോ.എ.ശ്രീനിവാസ് ഐ.പി.എസിന്റെ വിവാദ സന്ദേശം

0
234

കാസര്‍ഗോഡ്(www.mediavisionnews.in): പൊലീസുകാരോട് സര്‍ക്കാര്‍ കാണിക്കുന്ന മഹാമനസ്‌ക്കത മുന്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് ഐ.പി.എസിന്റെ നിര്‍ദ്ദേശം.

കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ പൊലീസുകാര്‍ക്കും കഴിഞ്ഞ ദിവസമാണ് ശ്രീനിവാസ് നിര്‍ദ്ദേശം നല്‍കിയത്. ഒരു മാസത്തെ ശമ്പളം എന്തിന് ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നതിനെക്കുറിച്ച് 30 മിനിട്ട് ആലോചിക്കണമെന്നാവശ്യപ്പെട്ടാണ് സന്ദേശം നല്‍കിയിരിക്കുന്നത്.

സേനയില്‍ തെറ്റു ചെയ്യുന്നവര്‍ക്ക് എതിരേ ശിക്ഷണ നടപടികള്‍ സ്വീകരിക്കാറുണ്ടെങ്കിലും സര്‍ക്കാരിന്റെ മഹാമനസ്‌കതയില്‍ ശിക്ഷണ നടപടികള്‍ ഒഴിവാക്കുന്നതിന് ഔദാര്യം കാണിക്കാറുണ്ടെന്നും, ഒഴിവുള്ള ഉദ്യോഗക്കയറ്റങ്ങള്‍ക്ക് ഉപരിയായി വിവിധതരത്തിലുള്ള സ്ഥാനക്കയറ്റങ്ങള്‍ സര്‍ക്കാര്‍ ഉദാരമായി നല്‍കുന്നുണ്ടെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

സ്ഥാനകയറ്റങ്ങള്‍ സര്‍ക്കാരിന്റെ ഔദാര്യമാണെന്നും സന്ദേശത്തില്‍ പറയുന്നു. പൊലീസിന് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ എണ്ണമിട്ട് പറഞ്ഞുകൊണ്ടാണ് സന്ദേശം അയക്കുന്നത്.

ഇതിന് പുറമേ ശബരിമലയില്‍ ഡ്യൂട്ടി ലഭിക്കുന്നതിലൂടെ സര്‍ക്കാര്‍ ചിലവില്‍ ഭഗവാനെ കാണാന്‍ കഴിയുന്നില്ലെയെന്നും ഇത്തരം കാര്യങ്ങള്‍ ആര്‍ക്കാണ് ലഭിക്കുകയെന്നും സന്ദേശത്തില്‍ ചോദിക്കുന്നുണ്ട്.

എന്നാല്‍ നിയമപരമായി പൊലീസുകാര്‍ക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളെയും അനധികൃതമായി ലഭിക്കുന്നതായി ചിത്രീകരിക്കുന്ന സന്ദേശത്തിനെതിരെ പൊലീസ് സേനയ്ക്കുള്ളില്‍ തന്നെ പ്രതിഷേധങ്ങളുയര്‍ന്നിട്ടുണ്ട്.

കാസര്‍ഗോഡിലെ പൊലീസുകാര്‍ക്ക് പുറമേ ഡി.ജി.പിക്കും സോണ്‍ എ.ഡി.ജി.പിമാര്‍ക്കും കണ്ണൂര്‍, തൃശൂര്‍ ഐ.ജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിയുടെ സന്ദേശം അയച്ചു നല്‍കിയിട്ടുണ്ട്.

സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി ചൂണ്ടികാണിക്കുന്ന പ്രധാന കാരണങ്ങള്‍

  1.  ശബരിമല ഡ്യൂട്ടി ലഭിക്കുമ്പോള്‍ നമുക്ക് (പൊലീസുകാര്‍ക്ക്) സര്‍ക്കാര്‍ ചെലവില്‍ ഭഗവാനെ കാണുന്നതിനു സാധിക്കുന്നു. എത്രപേര്‍ക്ക് നമ്മളേക്കാള്‍ കൂടുതല്‍ ഭഗവാനെ ദര്‍ശിക്കാന്‍ കഴിയുന്നുണ്ട്. ദൈവത്തിന്റെ കൃപയാണിത്.
  2. പൊലീസ് അസോസിയേഷന്‍ പല സേനകളിലും വിദൂര സ്വപ്നമാണെങ്കിലും സംസ്ഥാനത്ത് അസോസിയേഷന്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
  3.  പൊലീസുകാരുടെ കുട്ടികള്‍ എആര്‍ ക്യാംപ്, ബറ്റാലിയന്‍ എന്നിവിടങ്ങളിലെ ബസുകളില്‍ സ്‌കൂളിലേക്ക് പോകുന്നത് ആസ്വദിക്കുന്നില്ലേ? മറ്റു വകുപ്പുകളില്‍ അവരുടെ കയ്യില്‍നിന്ന് പണം ചെലവാക്കിയാണ് കുട്ടികള്‍ യാത്ര ചെയ്യുന്നത്.
  4. ഉദ്യോഗസ്ഥര്‍ വിരമിച്ചതിനുശേഷം മരിച്ചാലും ശവസംസ്‌കാരത്തില്‍ ബ്യൂഗിള്‍ വായിക്കുന്നു. മറ്റു വകുപ്പുകളില്‍ ഇല്ലാത്തതാണിത്.
  5. സേനയില്‍ ഒരാള്‍ക്ക് ഗുരുതരമായ പരുക്ക് പറ്റിയാല്‍ ആയാള്‍ക്ക് ലളിതമായ ഡ്യൂട്ടികള്‍ നല്‍കുന്നു. അയാള്‍ വാങ്ങുന്ന ശമ്പളം പരിഗണിക്കാതെയാണ് ചെറിയ രീതിയിലുള്ള ജോലി നല്‍കുന്നത്. ഉദ്യോഗസ്ഥര്‍ റോഡ് വക്കില്‍ എറിയപ്പെടുന്നില്ല.
  6. കനത്ത ഡ്യൂട്ടിക്ക് ശേഷം കൂടുതല്‍ വിശ്രമം ലഭിക്കുന്നില്ലേ? സര്‍ക്കാരിന്റെ കൃപ കാരണമാണിത്
  7. വിരമിക്കല്‍ അടുത്തിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഓര്‍ക്കുക. പരേഡില്‍നിന്ന് അവരെ ഒഴിവാക്കുന്നു. ശിക്ഷണ നടപടികളില്‍ അനുകമ്പ. വീടിനടുത്ത് ജോലി ഉറപ്പാക്കുന്നു. സര്‍ക്കാരിന്റെ ഈ ഔദാര്യം അംഗീകരിക്കേണ്ടേ?
  8. ഷിഫ്റ്റ് ഡ്യൂട്ടി, 24 മണിക്കൂര്‍ ഡ്യൂട്ടി, 24 മണിക്കൂര്‍ അവധി. ഈ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് നമുക്ക് ഗുണങ്ങളില്ലേയെന്ന് മനസാക്ഷിയോട് ചോദിക്കുക
  9.  പൊലീസ് വകുപ്പില്‍ ജോലി ചെയ്യുന്നതുകൊണ്ട് വീട്ടുവാടകയ്ക്ക് ഡിസ്‌കൗണ്ട് ലഭിക്കുന്നില്ലേ? ചിന്തിക്കുക. ഞാന്‍ ( ജില്ലാ പൊലീസ് മേധാവി) വിശദീകരിക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here