കാസര്‍കോട് (www.mediavisionnews.in): ഫാസിസത്തെ ചെറുക്കുന്നത് തങ്ങളാണെന്ന സി.പി.എം വാദം പൊള്ളയാണെന്ന് എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പില്‍ നിന്നും മാറിനിന്നതോടെ വ്യക്തമായതായി യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടര വര്‍ഷക്കാലം ബി.ജെ.പി കാറഡുക്കയിലും എന്‍മകജെയിലും ഭരണത്തില്‍ തുടര്‍ന്നത് സി.പി.എമ്മിന്റെ കപട നിലപാട് മൂലമാണ്.
കാറഡുക്കയിലെ ബി.ജെ.പി ഭരണം അവസാനിപ്പിക്കാന്‍ യു.ഡി.എഫ് സര്‍വ പിന്തുണയും നല്‍കിയപ്പോള്‍ സി.പി.എമ്മിന് ഭരണത്തിലെത്താനായി. എന്നാല്‍ മാസം തികയും മുമ്പെ എന്‍മകജെയില്‍ ബി.ജെ.പി ഭരണം അവസാനിപ്പിക്കാന്‍ സാധ്യത കൈവന്നപ്പോള്‍ ബി.ജെ.പിക്ക് അനുകൂലമാകുന്ന തരത്തില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സി.പി.എം ചെയ്തത്. ഇത് ഉദ്ബുദ്ധജനത തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ ഫാസിസ്റ്റ് വിരുദ്ധത മതേതര ചേരിയെ കബളിനുള്ള മൂടുപടം മാത്രമാണെന്നും സി.പി.എമ്മിന്റെ കപട നിലപാട് മൂലമാണ് പലപ്പോഴായും പല തദ്ദേശ സ്ഥാപനങ്ങളിലും ബി.ജെ.പി അധികാരവാഴ്ച്ചക്ക് അവസരം കിട്ടിയത്. എന്‍മകജെയില്‍ ഫാസിസ്റ്റ് വാഴ്ചയെ ചെറുക്കുന്ന കാര്യത്തില്‍ സി.പി.ഐ കാണിച്ച നിലപാടിനെയും സഹായത്തെയും
അദ്ദേഹം അഭിനന്ദിച്ചു. ഫാസിസത്തെ തൂത്തെറിയാന്‍ പിന്തുണ നല്‍കിയ പഞ്ചായത്ത് അംഗങ്ങളെയും വിജയിച്ച പ്രസിഡണ്ട് വൈ. ശാരദ, വൈസ് പ്രസിഡണ്ട് അബൂബക്കര്‍ സിദ്ധീഖ് കണ്ടിഗെ എന്നിവരെയും അഭിനന്ദിച്ചു.