പേരിൽ ഹൈവേ, പേരിനുപോലും ബസ്സില്ല

0
248

മഞ്ചേശ്വരം (www.mediavisionnews.in): കേരള-കർണാടക അതിർത്തിപ്രദേശങ്ങളിൽ കാലങ്ങളായി യാത്രാപ്രശ്നം നേരിടുന്ന പഞ്ചായത്താണ് വൊർക്കാടി. നല്ല റോഡുണ്ടായിട്ടും ആവശ്യത്തിന് ബസ്സില്ലാത്ത മലയോരമേഖലയാണ് ബാക്രബയൽ, പാത്തൂർ എന്നിവ. ഇവിടെനിന്ന് ഹൊസങ്കടിയിലേക്ക് 19 കിലോമീറ്ററുണ്ട്.

ബി.സി. റോഡ്-ബാക്രവയൽ-വൊർക്കാടി-ഹൊസങ്കടി വഴി കാസർകോട് ബസ്‌റൂട്ടുണ്ടെങ്കിലും ഇതുവഴി ബസ്സുകൾ ഓടുന്നില്ല. കർണാടക ആർ.ടി.സി.യുടെ ഏക ബസ് കടന്നുപോകുന്നത് കാസർകോട്-ബി.സി.റോഡ്-മുടിപ്പുവഴി-തൊക്കോട്ട് പാതയിലൂടെയാണ്. അതിർത്തി പഞ്ചായത്തുകളിലെ യാത്രക്കാർക്ക് ഇത് ഉപകാരപ്പെടുന്നുമില്ല.

വൊർക്കാടിയിൽ ആവശ്യത്തിന് ബസ് സർവീസില്ലാത്തത് വിദ്യാർഥികളെയും കർഷകരെയും മറ്റ് സ്ഥിരയാത്രക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി.എ.അബ്ദുൾമജീദ് പറഞ്ഞു.

വൊർക്കാടി പഞ്ചായത്തിലെതന്നെ പ്രധാനപാതയാണ് മലയോര ഹൈവേയുടെ ഭാഗമായ നന്ദാരപ്പദവ്-സുങ്കതകട്ട റോഡ്‌. പഞ്ചായത്തിലെ ഏറ്റവുംപഴക്കമുള്ള റോഡുകൂടിയാണിതെങ്കിലും ഇതുവരെ ബസ് സൗകര്യമായിട്ടില്ല. നന്ദാരപ്പദവിൽ കേരളത്തിലൂടെയുള്ള മലയോര ഹൈവേ ആരംഭിക്കുന്നത് വൊർക്കാടി പഞ്ചായത്തിലാണ്. ഈ റൂട്ടിൽ രണ്ട് കർണാടക സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. എന്നാൽ, അവ മൂറുഗോളിയിൽനിന്ന് തിരിഞ്ഞ് ആനക്കല്ല് തവിടുഗോളി ഭാഗത്തേക്കാണ് പോകുന്നത്.

ഹൊസങ്കടി-മഞ്ചേശ്വരം ഭാഗത്തേക്ക് ബസ്സില്ലാത്തത് വലിയ ദുരിതമാണ് വരുത്തിവെയ്ക്കുന്നത്. നന്ദാരപ്പദവ് മുതൽ സുങ്കതകട്ട വരെ മലയോര ഹൈവേയുടെ ദൂരം 6.300 കിലോ മീറ്ററാണ്. ഇവിടത്തെ ഗ്രാമങ്ങളിലെ സാധാരണക്കാരടക്കം വർഷങ്ങളായി യാത്രാക്ലേശം നേരിടുകയാണ്. കൃഷി ഓഫിസിലേക്കും വില്ലേജ്-പഞ്ചായത്ത് ഓഫീസുകളിലേക്കും സർക്കാർ ആസ്പത്രിയിലേക്കുമെല്ലാം നാട്ടുകാർക്ക് എത്തിപ്പെടണമെങ്കിൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കണം. നടന്നുമടുത്തതിനാൽ വായ്പയെടുത്ത് ഇരുചക്രവാഹനങ്ങൾ വാങ്ങാൻ നിർബന്ധിതരായെന്ന് 25 വർഷമായി ഇവിടെ ടെയ്‌ലറിങ് ജോലിചെയ്യുന്ന കെ.കരുണാകരൻ പറഞ്ഞു.

അതിർത്തിഗ്രാമങ്ങൾക്ക് എന്നും അവഗണന

അതിർത്തിമേഖലയായതിനാൽ നാനാവിധത്തിൽ അവഗണന നേരിടുകയാണെന്ന് പൊതുപ്രവർത്തകൻ സിദ്ദീഖ് പാടി പറയുന്നു. മെച്ചപ്പെട്ട റോഡുസൗകര്യമുള്ള നന്ദാരപ്പദവ്-സുങ്കതകട്ട-കാസർകോട് റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് ആവശ്യപ്പെട്ട് കേരള-കർണാടക ഗതാഗത മന്ത്രിമാർക്ക് നിവേദനങ്ങൾ നൽകിയിരുന്നു. പക്ഷെ ഫലമുണ്ടായില്ല. “അവരൊന്നും ഇതുവഴി യാത്രചെയ്യാറില്ല്ലല്ലോ. ചെയ്താൽത്തന്നെ കാറിലായിരിക്കില്ലേ?” അദ്ദേഹം ചോദിക്കുന്നു. കേരള-കർണാടക റോഡുകളുടെ പട്ടികയിൽ ഈ റോഡ് ഉൾപ്പെടാത്തതുകൊണ്ടാണ് സർവീസ് തുടങ്ങാത്തതെന്ന മറുപടി കർണാടകത്തിൽനിന്ന് കിട്ടി. കേരളത്തിൽനിന്ന് അതും ഉണ്ടായില്ല. വൊർക്കാടി, പൈവളിഗെ പഞ്ചായത്തുകാർ ഉന്നതവിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമെല്ലാം മംഗളൂരുവിനെയാണ് ആശ്രയിക്കുന്നത്. യാത്രാസൗകര്യമില്ലാതെ പഠനം അവസാനിപ്പിച്ച എത്രയോപേർ ഇവിടെയുണ്ട്.

മലയോര ഹൈവേയുടെ ഭാഗമായ പൈവളിഗെ-ചേവാർ-പെർമുദ റൂട്ടിലും ബസ്സില്ല. ചേവാറിലും പരിസരങ്ങളിലുമുള്ള വിദ്യാർഥികളുൾപ്പെടെയുള്ള യാത്രക്കാർക്ക് ഒന്നുകിൽ പൈവളിഗെവഴി ഉപ്പളയിലൊ അല്ലെങ്കിൽ പെർമുദവഴി ബന്തിയോട് എത്തിയോ വേണം കാസർകോട്, ഉപ്പള, മഞ്ചേശ്വരം, മംഗളൂരു ഭാഗങ്ങളിലേക്ക് പോകാൻ. മീഞ്ച പഞ്ചായത്തിലെ മിയാപദവ്, ബായിക്കട്ട, പൈവളിഗെ പഞ്ചായത്തിലെ കല്ലിഗെ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നല്ല റോഡുണ്ടെങ്കിലും ബസ് സൗകര്യമില്ല. കൂടാതെ കാസർകോട്-വിദ്യാനഗർ വഴി പെർമുദെ-ധർമത്തടുക്കയിലേക്ക് മുൻപ് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് നടത്തിയിരുന്നു.

ഒറ്റപ്പെട്ട് പാവൂരും മച്ചംപാടിയും

മഞ്ചേശ്വരം-വൊർക്കാടി പഞ്ചായത്തുകളുടെ അതിർത്തിഗ്രാമങ്ങളാണ് പാവൂരും മച്ചംപാടിയും. മഞ്ചേശ്വരത്തുനിന്ന് ഇടക്കാലത്ത് മച്ചമ്പാടി ഭാഗത്തേക്ക് രണ്ട് സ്വകാര്യ ബസ്സുകൾ സർവീസ് നടത്തിയിരുന്നു. കേരള-കർണാടക അതിർത്തിപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സർവീസ് നടത്തിയവ നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് മച്ചംപാടിവരെ നീട്ടുകയായിരുന്നു. എന്നാൽ ബസ്സുകാർ തമ്മിലുണ്ടായ പ്രശ്നങ്ങളുടെപേരിൽ രണ്ട്‌ ബസ്സുകളും നിർത്തി. ഇതോടെ മച്ചംപാടി തീർത്തും ഒറ്റപ്പെട്ടു. ഇതുണ്ടാക്കിയ പ്രയാസം വിവരണാതീതമാണ് -മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തംഗം ഫൈസൽ മച്ചംപാടി ചൂണ്ടിക്കാട്ടുന്നു.

പാവൂരിലും സ്ഥിതി വ്യത്യസ്തമല്ല. മഞ്ചേശ്വരത്തുനിന്ന് ഇവിടേക്ക് ഒരു സ്വകാര്യ ബസ് മാത്രം. ആകെ മൂന്ന് ട്രിപ്പുകൾ. മറ്റുസമയങ്ങളിൽ ഓട്ടോറിക്ഷകളോ മറ്റ് സ്വകാര്യ വാഹനങ്ങളൊ ആണ് ആശ്രയം.

നിർമാണംനടക്കുന്ന മലയോര ഹൈവെ മഞ്ചേശ്വരം താലൂക്കിലെ വൊർക്കാടി, മീഞ്ച, പുത്തിഗെ, എൻമകജെ പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് കടന്നുപോകുന്നത്. ഇത് പൂർത്തിയായാൽ കുറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

ധർമത്തടുക്കയുടെ ദുര്യോഗം

കണ്ടാൽ അതിശയിച്ചുപോകും അത്രയുംനല്ല റോഡാണ് സീതാംഗോളി-ധർമത്തടുക്ക. പക്ഷെ, ബസ്സുകളില്ല. കാസർകോട്-സീതാംഗോളി വഴി ഇവിടെയെത്താം. പക്ഷെ ആകെ രണ്ട്‌ ബസ്സുകളേയുള്ളൂ. നേരത്തേ ചെർക്കളം അബ്ദുള്ള എം.എ.എ. ആയിരുന്നപ്പോൾ ഒരു കെ.എസ്.ആർ.ടി.സി. ബസ് ഓടിയിരുന്നു. അത് പിന്നീട് നിർത്തിപ്പോയി. കാസർകോട്ടുനിന്ന് ദേശീയപാതവഴി ബന്തിയോടെത്തി അവിടുന്ന് ധർമത്തടുക്ക ബസ് കിട്ടും. പക്ഷെ ഇതിന് പത്ത്‌ കിലോമീറ്ററോളം അധികം സഞ്ചരിക്കണം.

പുത്തിഗെ പഞ്ചായത്ത് മുഗുവിലെ നിവാസികൾക്ക് സീതാംഗോളിയിലെത്തണമെങ്കിൽ ആറ്‌ കിലോമീറ്ററിലധികം നടന്നുതന്നെവരണം. കൊല്ലങ്കണ്ടയിലേക്ക് പോകുന്ന ഒരു ബസ് മാത്രമാണ് മുഗുവഴി സർവീസ് നടത്തുന്നത്. അത് രാവിലെ പോയാൽ പിന്നെവരുന്നത് വൈകീട്ടാണ്. സന്ധ്യകഴിഞ്ഞാൽ വീട്ടിലെത്തണമെങ്കിൽ ഒന്നുകിൽ നടക്കണം അല്ലെങ്കിൽ ഓട്ടോറിക്ഷ പിടിക്കണം. ഉറുമി, ബി.സി.റോഡ് പോലുള്ള ഉൾനാടുകളിൽനിന്ന്‌ സീതാംഗോളിയിലെത്തുകയെന്നത് ഏറെ പ്രയാസകരമാണ്.

തനി ഗ്രാമമായ മുഗുവിൽ ഒരു ഗവ. എൽ.പി. സ്കൂളുണ്ട്. മറ്റ്‌ സർക്കാർ ഓഫീസ് ആവശ്യങ്ങൾക്ക് 18 കിലോമീറ്ററലധികം സഞ്ചരിച്ച് കുമ്പളയിലെത്തണം. ഇതിന് രണ്ടുവഴികളുണ്ട്. മുഗുറോഡ്-സീതാംഗോളി വഴിയും പുത്തിഗെ മുണ്ട്യത്തടുക്ക വഴിയും. പുത്തിഗെ മുണ്ട്യത്തടുക്ക വഴി രണ്ട്‌ ബസ്സും മുഗുറോഡ് വഴി ഒറ്റ ബസ്സുമേ ഉള്ളൂ. ട്രിപ്പു മുടങ്ങുന്നതും പതിവ്.

LEAVE A REPLY

Please enter your comment!
Please enter your name here