കുമ്പള (www.mediavisionnews.in): ബംബ്രാണ പി കെ നഗർ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവും 15 വർഷത്തോളമായി സജീവ പാർട്ടി പ്രവർത്തകനുമായിരുന്ന കെ.ബി അബ്ദുൽ ലത്തീഫ് ബംബ്രാണ സി.പി.എം അംഗത്വം രാജിവെച്ച് നേതൃത്വത്തിന് കത്ത് നൽകി.
2010ലെ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ബംബ്രാണ വാർഡിൽ നിന്നും ഇടത് സ്വതന്ത്രനായി മൽസരിച്ചിരുന്നു. ബംബ്രാണ പ്രദേശത്ത് സി.പി.എം പ്രസ്ഥാനത്തിന് ജനകീയ അടിത്തറ ഉണ്ടാക്കുന്നതിൽ ലത്തീഫ് മുൻനിരയിൽ പ്രവർത്തിച്ചിരുന്നു.
മുസ്ലിം ലീഗ് മുൻ ജില്ല സെക്രട്ടറി കെ.കെ അബ്ദുല്ല കുഞ്ഞിയെ സി.പി.എം പാളയത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ്.
നേതാക്കളുടെ ഇരട്ടതാപ്പും സി.പി.എം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ആശയ ദാരിദ്രവുമാണ് രാജിയിലേക്കു നയിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നയവും അധികാരത്തിലെത്തിയാൽ മറ്റൊരു നയവും സ്വീകരിക്കുന്ന സി.പി.എം നിലപാട് അപഹാസ്യമാണെന്നും ലത്തീഫ് പറഞ്ഞു. കൂടുതൽ കാര്യങ്ങൾ നേതൃത്വത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. വരും നാളുകളിൽ കൂടുതൽ പ്രവർത്തകർ പാർട്ടി വിടുമെന്നും അബ്ദുൽ ലത്തീഫ് അവകാശപ്പെട്ടു.