മക്ക(www.mediavisionnews.in): ഈ വര്‍ഷത്തെ ഹജ്ജ് അനുഷ്ഠാനത്തിന് ഇന്നു സമാപനം. ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമെന്ന പ്രതിജ്ഞയോടെ ഹാജിമാര്‍ ഹജ്ജില്‍ നിന്നും വിടവാങ്ങി തുടങ്ങി. കാല്‍ക്കോടിയോളം ഹാജിമാരാണ് ഹജ്ജില്‍ നിന്നും വിടവാങ്ങുന്നത്. ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര ഈ മാസം 27ന് തുടങ്ങും.
പ്രാര്‍ഥനാ നിര്‍ഭരമായിരുന്നു ഇന്ന് പുലര്‍ച്ചെ വരെ മിനാ താഴ്‌വര. ഇന്ത്യക്കാരുള്‍പ്പെടെ ഹാജിമാരെല്ലാം രാവിലെ മുതല്‍ ജംറാത്തിലെത്തി പിശാചിന്റെ മൂന്ന് സ്തൂപത്തിലും അവസാന കല്ലേറ് നടത്തി. പിന്നെ കഅ്ബക്കരികിലെത്തി പ്രദക്ഷിണം. തിരിച്ച് മിനായിലെത്തി യാത്രക്കുള്ള ഒരുക്കം തുടങ്ങി.
ഉച്ചക്ക് ശേഷം താഴ്‌വാരത്തോട് വിടചൊല്ലും ഇന്ത്യന്‍ ഹാജിമാര്‍. കാല്‍കോടി ഹാജിമാരാണ് ഇത്തവണയെത്തിയത്. ഒന്നേ മുക്കാല്‍ ലക്ഷം ഇന്ത്യക്കാരുണ്ട് ഇതില്‍. ഇവരില്‍ പകുതിയോളം പേര്‍ മദീനയില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി അവിടെ നിന്നാണ് മടങ്ങുക.
മദീന സന്ദര്‍ശനം ഹജ്ജിന് മുന്നേ പൂര്‍ത്തിയാക്കിയവര്‍ ജിദ്ദ വിമാനത്താവളം വഴി ഈ മാസം 27 മുതല്‍ നാട്ടിലേക്ക് പറക്കും. മലയാളി ഹാജിമാരുടെ വിമാനങ്ങള്‍ കൊച്ചി വിമാനത്താവളത്തിലേക്കു തന്നെയാകുമെന്നു കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഇതോടൊപ്പം രണ്ടാംഘട്ട മദീനാ സന്ദര്‍ശനവും അടുത്ത ആഴ്ച ആരംഭിക്കും.