തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്തു നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 11 സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. ഏഴിന് അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
അതേ സമയം, സംസ്ഥാനത്തുണ്ടായ മഴക്കെടുതി വിലയിരുത്താന്‍ ഏഴിന് കേന്ദ്രസംഘമെത്തും. ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി എ.വി. ധര്‍മ്മറെഡ്ഡിയുടെ നേതൃത്വത്തിലുളള ഏഴംഗ സംഘമാണ് കേരളത്തിലെത്തുന്നത്. ഏഴിന് തുടങ്ങി 11ാം തീയതി വരെ കേരളത്തിലുണ്ടാകും. രണ്ടു ടീമുകളായാണ് കേന്ദ്രസംഘം ദുരിതമേഖലകളില്‍ സന്ദര്‍ശനം നടത്തുക.
സമീപകാലത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് കേരളം നേരിട്ടത്. 130ലധികമാളുകള്‍ക്ക് ജീവന്‍ നഷ്ടമായി. കൃഷിക്കും വീടുകള്‍ക്കും മറ്റു വസ്തുക്കള്‍ക്കും നാശം രേഖപ്പെടുത്തിയിരുന്നു. ആലപ്പുഴയിലാണ് ഏറ്റവും വലിയ ദുരിതമുണ്ടായത്. കുട്ടനാട്ടിലെ പല മേഖലകള്‍ ഇപ്പോഴും വെള്ളത്തിലാണ്.
ഏഴിന് വൈകീട്ട് ഏഴു മണിക്ക് സംസ്ഥാന റിലീഫ് കമീഷണറുമായി സംഘം കൂടിക്കാഴ്ച നടത്തും. അടുത്ത ദിവസം മുതല്‍ വിവിധ ജില്ലകളില്‍ പര്യടനം നടത്തും. ആദ്യ സംഘം ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും രണ്ടാം സംഘം എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലും സന്ദര്‍ശിക്കും. ആഗസ്റ്റ് ഒമ്പതിന് രാവിലെ 11.30 കേന്ദ്രസംഘം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.