പെരുന്നാളിനോ വെള്ളിയാഴ്ചയോ പള്ളിയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി പണം സ്വരൂപിക്കുക: ആഹ്വാനവുമായി സമസ്ത

0
281

കോഴിക്കോട്(www.mediavisionnews.in): മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ സമസ്തയുടെ ആഹ്വാനം. പെരുന്നാള്‍ ദിവസമോ വെള്ളിയാഴ്ചയോ പള്ളിയില്‍ വച്ചു പരമാവധി പണം പിരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയക്കാന്‍ സമസ്ത നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു.

സമസ്തയുടെ ആഹ്വാനത്തെ ഇരുകയ്യും നീട്ടിയാണ് വിശ്വാസി സമൂഹം ഏറ്റെടുത്തിരിക്കുന്നത്. ജുമുഅ നിസ്‌കാരത്തിനെത്തുന്നവരില്‍ നിന്നും ഇത്തരത്തില്‍ പണപ്പിരിവ് നടത്തിയാല്‍ വലിയൊരു തുക ശേഖരിക്കാനാവുമെന്ന് നേരത്തെ തന്നെ പല വിശ്വാസികളും സോഷ്യല്‍ മീഡിയയിലൂടെ നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ചില പള്ളികളില്‍ നിന്നും ഇത്തരത്തില്‍ പണം സ്വരൂപിച്ചിരുന്നു. ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെ ശേഖരിച്ച് നല്‍കുകയും ചെയ്തിരുന്നു.

അതിനിടെ, ദുരിതബാധിത മേഖലയില്‍ ഇപ്പോഴും കുറേപ്പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നു വൈകുന്നേരത്തോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പൊതുജനങ്ങള്‍ രക്ഷാപ്രവര്‍ത്തകരുമായി പരമാവധി സഹകരിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ പരമാവാധി അനുസരിക്കുകയും വേണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 900 എയര്‍ ലിഫ്റ്റ് നടത്തിയിട്ടുണ്ട്. നാല് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു. 169 എന്‍.ഡി.ആര്‍.എഫ് ഗ്രൂപ്പും അഞ്ച് കോളം ബി.എസ്.എഫും 23 ആര്‍മി ഗ്രൂപ്പും എന്‍ജിനീയറിങ് വിഭാഗവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ട്.

22 ഹെലികോപ്റ്ററുകളും 84 നേവി ബോട്ടുകളും 35 കോസ്റ്റ് ഗാര്‍ഡ് ബോട്ടുകളും സഹായത്തിനെത്തിയിട്ടുണ്ട്.

കേരള ഫയര്‍ ഫോഴ്സിന്റെ 59 ബോട്ടും തമിഴ്നാട് ഫയര്‍ഫോഴ്സിന്റെ 16 ബോട്ടുകളും സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. കൂടാതെ ഒഡീഷയില്‍നിന്ന് 75 റബ്ബര്‍ ബോട്ടുകള്‍ മനുഷ്യശേഷി ഉള്‍പ്പെടെ എത്തും.

3,200 ഫയര്‍ഫോഴ്സ് സേനാംഗങ്ങളും 40,000 പോലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സന്നദ്ധസംഘടനകളും 500 ലധികം ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here