കോഴിക്കോട്(www.mediavisionnews.in): മഹാപ്രളയം വിതച്ച നാശനഷ്ടങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജനസമൂഹത്തെ പുനരധിവസിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ഫണ്ട് എല്ലാ ശാഖാ കമ്മറ്റികളും ആഗസ്റ്റ് 30 നകം സംസ്ഥാന കമ്മറ്റിയുടെ റിലീഫ് എക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
ത്രിതല പഞ്ചായത്ത് നഗരസഭകളുള്‍പ്പെടുന്ന തദ്ദേശ സഭാപ്രതിനിധികള്‍ പ്രതിമാസ ഓണറേറിയത്തിന്റെ പകുതി തുക നേരിട്ട് റിലീഫ് എക്കൗണ്ടില്‍ നിക്ഷേപിച്ച് റസീറ്റ് കോപ്പി പഞ്ചായത്ത് കമ്മറ്റിയെ ഏല്‍പിക്കണം. പൊതുജനങ്ങളില്‍ നിന്നും ശേഖരിക്കുന്ന തുക ആഗസ്റ്റ് 30 നുള്ളില്‍ തന്നെ എക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മറ്റികള്‍ ശ്രദ്ധിക്കണമെന്നും ഫണ്ട് ശേഖരണത്തില്‍ എല്ലാ വാര്‍ഡ് കമ്മറ്റികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
കേമ്പുകളിലും, വീടുകളിലും കഴിയുന്ന ദുരിത ബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനായി നടത്തിയ അഭ്യര്‍ത്ഥനയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് പാണക്കാട്ട് ചേര്‍ന്ന സംസ്ഥാന മുസ്‌ലിംലീഗ് നേതൃയോഗം വിലയിരുത്തി. സംസ്ഥാനത്തെ വിവിധ കേമ്പുകളിലേക്ക് ഭക്ഷ്യ വസ്തുക്കളും മറ്റും എത്തിക്കുന്നതില്‍ പ്രവര്‍ത്തകര്‍ കാണിച്ച ഔത്സുക്യം ഏറെ അഭിനന്ദിനീയമാണ്.
ഇതില്‍ പങ്കാളികളായ പാര്‍ട്ടി പ്രവര്‍ത്തകരെ യോഗം പ്രത്യേകം പ്രശംസിച്ചു. ഏറെ ഉത്തവാദിത്തത്തോടെ നിര്‍വ്വഹിക്കേണ്ട പുനരധിവാസ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഇതിനായി പാര്‍ട്ടി പ്രഖ്യാപിച്ച ഫണ്ട് വിജയിപ്പിക്കുന്നതിനും യോഗം അഭ്യര്‍ത്ഥിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി സംബന്ധിച്ചു.