ഉപ്പള (www.mediavisionnews.in): മംഗൽപ്പാടി പഞ്ചായത്ത് ഓഫീസിന് സമീപം ദേശീയപാതയിൽ മരം കടപുഴകി വീണു. അടിഭാഗം ദ്രവിച്ച് അപകടാവസ്ഥയിലായിരുന്ന മരം കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലും നിലംപൊത്തുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങൾക്കും വൈദ്യുതലൈനുകൾക്കും കേടുപാടു പറ്റി.
മൂന്ന് വൈദ്യുതത്തൂണുകൾ തകർന്നു. ആളുകൾ ബസ് കാത്തുനിൽക്കുന്ന സ്ഥലം കൂടിയാണിത്. മഴയായതിനാൽ സംഭവസമയത്ത് ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് വൻ അപകടമൊഴിവായി.
മരം അപകടാവസ്ഥയിലാണെന്നും മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ ദേശീയപാതാ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ഒരു നടപടിയും സ്വീകരിച്ചില്ല. ഉപ്പളയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് മരം മുറിച്ചുനീക്കിയത്.