താലൂക്ക് പേര് മാറ്റം; താലൂക്ക് ഓഫീസ് ധര്‍ണയും ഒപ്പ് ശേഖരണവും ശനിയാഴ്ച

0
231

കുമ്പള (www.mediavisionnews.in): മഞ്ചേശ്വരം താലൂക്കിന്റെ പേര് മാറ്റി തുളുനാട് താലൂക്ക് എന്നാക്കാനുള്ള ഭരണകൂട നീക്കങ്ങള്‍ക്കെതിരെ ശനിയാഴ്ച താലൂക്ക് ഓഫീസിന് മുന്നില്‍ ധര്‍ണയും പഞ്ചായത്ത് ഓഫീസ് ആസ്ഥാനങ്ങളില്‍ ഒപ്പ് ശേഖരണവും നടത്തുമെന്ന് മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ വികസന സമിതി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

തുളു അക്കാദമിയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് മഞ്ചേശ്വരം താലൂക്കിന് തുളുനാട് എന്ന് പേരിടണമെന്ന ആവശ്യം ഉന്നയിച്ച് റവന്യൂ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തതടിസ്ഥാനത്തില്‍ മന്ത്രി ഇതുമായുള്ള തുടര്‍ നടപടികള്‍ക്ക് റവന്യൂ സെക്രട്ടറിക്ക് നിവേദനം കൈമാറിയിരുന്നുവത്രെ. ഈ നിവേദനത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനും പഠിക്കുന്നതിനും ആഗസ്ത് 18 ന് മഞ്ചേശ്വരം താലൂക്ക് ആസ്ഥാനത്ത് ഒരു മീറ്റിങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ മീറ്റിങ് സംസ്ഥാനത്തെ പ്രളയത്തെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു. 58 ശതമാനം മലയാളികള്‍ താമസിക്കുന്ന താലൂക്കില്‍ ഭാഷാടിസ്ഥാനത്തില്‍ താലൂക്കിന് പേര് നല്‍കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

നേരത്തെ സമിതി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ താലൂക്കിലെ 53 സ്‌കൂളുകളില്‍ മലയാളം ഭാഷ പഠിപ്പിക്കുന്നില്ലെന്ന് ബോധ്യമായി. പത്തു വിദ്യാര്‍ത്ഥികളെങ്കിലും പഠിക്കാന്‍ തയ്യാറുണ്ടെങ്കില്‍ സ്‌കൂളില്‍ മലയാളം ഭാഷ പഠിപ്പിക്കാതിരിക്കുന്നത് കെ ഇ ആര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത് ചൂണ്ടിക്കാട്ടി ഭാഷാ വികസന സമിതി 2017ല്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കുകയും മഞ്ചേശ്വരം എ ഇ ,ഒ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തു. തുടര്‍ന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഒരു സംഘത്തെ നിയോഗിച്ച് പഠിപ്പിക്കാതിരുന്നാലുള്ള ഭവിഷ്യത്തകള്‍ പ്രധാനാധ്യാപകരെ ബോധ്യപ്പെടുത്തി. എന്നിട്ടും ഭാഷാ പ0നത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് സ മി തി കുറ്റപ്പെടുത്തി.

മംഗല്‍പാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ കന്നട അധ്യാപകരെ അനുവദിച്ചു കിട്ടുന്നതിന് നടത്തുന്ന സമരത്തിന് സമിതി പിന്തുണ പ്രഖ്യാപിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് എം കെ അലി മാസ്റ്റര്‍, വൈസ് പ്രസിഡന്റുമാരായ റഹ്മാന്‍ മാസ്റ്റര്‍, അബ്ബാസ് ഓണന്ത, മഹമൂദ് കൈക്കമ്പ, ഹമീദ് കോസ്മോസ് എന്നിവര്‍ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9947019278 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here