കാസര്‍കോട് (www.mediavisionnews.in): ആഗസ്റ്റ് 30ന് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളിലെയും കണ്ടക്ടര്‍മാരുടെ കൈവശം ടിക്കറ്റുണ്ടാവില്ല. അതിനുപകരം ഒരോ ബക്കറ്റായിരിക്കും ഉണ്ടാകുക. ബസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് തുകയോ അതില്‍ കൂടുതലോ ബക്കറ്റിലിടാം. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഈ തുക വിനിയോഗിക്കുന്നതായിരിക്കും. ഒരു ദിവസം കൊണ്ട് അരക്കോടി രൂപ സമാഹരിക്കാനാണ് പദ്ധതി.
ജില്ലയില്‍ സര്‍വീസ് നടത്തുന്ന 450 സ്വകാര്യ ബസുകളാണ് ഇതില്‍ പങ്കാളികളാവുക. ഡ്രൈവറും കണ്ടക്ടറുമടക്കം ബസ് ജീവനക്കാരും അന്നത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ബസുകളില്‍ ശേഖരിച്ച തുക ബക്കറ്റ് സഹിതം ജില്ലാ കളക്ടര്‍ക്ക് കൈമാറാനാണ് തീരുമാനം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലും സന്നദ്ധ സംഘങ്ങളുടെ നേതൃത്വത്തിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കാസര്‍കോട് നിന്നും നൂറുകണക്കിന് പേരാണ് പ്രളയ ബാധിത മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നത്.