ന്യൂദല്‍ഹി (www.mediavisionnews.in): ഇന്ത്യയിലെ ജനപ്രതിനിധികളില്‍ 20% പേരും ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതിപ്പട്ടികയില്‍പ്പെട്ടവരെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. നാഷണല്‍ ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നീ സംഘടനകള്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
1024 എം.പിമാര്‍ അല്ലെങ്കില്‍ എം.എല്‍.എമാരാണ് തങ്ങള്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍ 64 എണ്ണം തട്ടിക്കൊണ്ടുപോകല്‍ കേസാണ്.
770 എം.പിമാരും 4086 എം.എല്‍.എമാരുമുള്‍പ്പെടെ നിലവില്‍ ജനപ്രതിനിധികളായ 4856 പേരുടെ സത്യവാങ്മൂലം പരിശോധിച്ചതില്‍ നിന്നാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്.
കേരളത്തില്‍ നിന്നും ഒരു ജനപ്രതിനിധി മാത്രമാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കല്ല്യാശേരിയില്‍ നിന്നുള്ള എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ ടി.വി രാജേഷാണ് ഇക്കൂട്ടത്തിലുള്ളത്. 17 കേസുകളാണ് രാജേഷിനെതിരെയുള്ളത്. ഇതില്‍ അഞ്ചെണ്ണം ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. വധശ്രമം, കൊലപാതകം, കൊലചെയ്യാനായി തട്ടിക്കൊണ്ടുപോകല്‍, വധശിക്ഷയോ ജീവപര്യന്തമോ കിട്ടാവുന്ന കുറ്റകൃത്യത്തിനുള്ള ഗൂഢാലോചന മറച്ചുവെക്കുക എന്നിവയാണിത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ തട്ടിക്കൊണ്ടുപോകല്‍, നിയമപരമായ രക്ഷാകര്‍തൃത്വത്തില്‍ നിന്നും തട്ടിക്കൊണ്ടുപോകല്‍, ഭിക്ഷാടനത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം നടത്തല്‍, മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെയുള്ളത്.
ഇതില്‍ തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തിയിട്ടുള്ള 64 എം.പി/ എം.എല്‍എമാരില്‍ 16 പേര്‍ ബി.ജെ.പിയില്‍ നിന്നും 6 പേര്‍ കോണ്‍ഗ്രസില്‍ നിന്നും 6 പേര്‍ ജനതാ ദളില്‍ നിന്നുമുള്ളവരാണ്.