തിരുവനന്തപുരം(www.mediavisionnews.in):പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് വിദേശരാജ്യങ്ങളില്‍ നിന്നും സഹായങ്ങളെത്തിയിട്ടും കേന്ദ്രവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും നല്‍കുന്നത് കടുത്ത അവഗണന.
കേരളത്തിന് ഇതുവരെ ലഭിച്ച സഹായങ്ങളെല്ലാം ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമാണ്.
തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി, ദല്‍ഹി, കര്‍ണാടക, പഞ്ചാബ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് ധനസഹായവുമായെത്തിയത്. രണ്ട് കോടി മുതല്‍ 25 കോടി വരെയാണ് ഈ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിന് സഹായം ലഭിച്ചത്.
പ്രളയക്കെടുതി: കേരളം ആവശ്യപ്പെട്ടത് 2000 കോടി; കേന്ദ്രം നല്‍കിയത് 500 കോടി
കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും അടക്കം ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇവയെല്ലാം.
അതേസമയം 20,000 കോടിയിലേറെ നാശനഷ്ടമുണ്ടായിട്ടും ബി.ജെ.പി സംസ്ഥാനങ്ങളില്‍ നിന്നും യാതൊരു സഹായവും കേരളത്തിന് ലഭിച്ചിട്ടില്ല. ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേരളം നേരിടുന്ന ദുരിതത്തിനു നേരെ മുഖം തിരിച്ചിരിക്കുകയാണ് ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും.
ക്രൂരമായ ഈ നിസ്സഹകരണം സംസ്ഥാനങ്ങളുടെ മാത്രം തീരുമാനമാണോ അതോ ബി.ജെ.പിയുടെ ഉന്നതകേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശമാണോ എന്നുള്ള ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
ദിവസങ്ങളായി തുടരുന്ന വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ഇരുന്നുറോളം പേരാണ് മരണപ്പെട്ടത്. ആയിരക്കണക്കിന് ആളുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വെള്ളവും ഭക്ഷണവുമില്ലാതെ അവശനിലയിലാണ്. മൂന്ന് ലക്ഷത്തോളം പേര്‍ കിടപ്പാടം നഷ്ടപ്പെട്ട ദുരിതാശ്വാസ ക്യാംപുകളിലാണ്.
നൂറ് വര്‍ഷത്തിനിടയില്‍ കേരളം നേരിട്ട ഏറ്റവും വലിയ പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനുള്ള എല്ലാ അപേക്ഷകളും നിര്‍ദ്ദേശങ്ങളും കേന്ദ്രം ഇതുവരെയും അംഗീകരിച്ചിട്ടില്ല.
കേരളത്തിന് സഹായം നല്‍കരുതെന്ന് പറഞ്ഞുകൊണ്ടുള്ള വിവിധ ക്യാംപെയ്‌നുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിമായിരുന്നു.