കോഴിക്കോട് (www.mediavisionnews.in): കേരളത്തിലെ വിവിധ രീതിയിലുള്ള കലാ രംഗത്ത് പ്രവർത്തിക്കുന്നവരെ സംഘടിപ്പിച്ച് കേരള കലാ ലീഗ് നിലവിൽ വന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ പ്രവർത്തകർ സംബന്ധിച്ചു.
കേരള കലാ ലീഗ് സംസ്ഥാന ഭാരവാഹികളായി ടിഎംസി അബൂബക്കർ (പ്രസിഡന്റ്), തൽഹത്ത് കുന്ദമംഗലം (ജനറൽ സെക്രട്ടറി), വിജയൻ അത്തോളി (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായ സ്റ്റീഫൻ പുന്നകുന്നു(കാസർഗോഡ്), റൗഫ് തൃത്താല (പാലക്കാട്), അബ്ദുൽ മജീദ് കൊണ്ടോട്ടി (മലപ്പുറം), സെക്രട്ടറിമാരായി ത്രേസിയാമ്മ വർഗീസ് (കോട്ടയം), ഷാഫി പത്വാടി (കാസർഗോഡ്), കെ.വി കുഞ്ഞഹമ്മദ് (കോഴിക്കോട്) എന്നിവരെയും തെരെഞ്ഞെടുത്തു. 15 പേരടങ്ങുന്ന ഭാരവാഹികളിൽ ആറ് പേരെ വിവിധ ജില്ലകളിൽ നിന്ന് അടുത്ത കൺവെൻഷനിൽ നോമിനേറ്റ് ചെയ്യും. സംസ്ഥാന കൺവെൻഷനും കലാ രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കലും സെപ്‌തംബർ 9 ന് ഞായർ 2 മണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി ഉദ്ഘാടനം നിർവ്വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന ജില്ലാ നേതാക്കളും പോഷക ഘടകങ്ങളുടെ നേതാക്കളും കലാ സാംസ്കാരിക നേതാക്കളും പങ്കെടുക്കും.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുള്ളയുടെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.