ആലപ്പുഴയിൽ ശക്തമായ മഴ തുടരുന്നു; ചേർത്തലയിലെ ക്യാപുകളിലേക്ക് 4500ൽ അധികം പേരെ മാറ്റി

0
252

ആലപ്പുഴ(www.mediavisionnews.in): കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വേമ്പനാട്ടു കായലിലെ ജലനിരപ്പ് ഉയരുകയാണ്. കായലിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലപ്പുഴ നഗരത്തിലെ കനാലുകളിലും വെള്ളം നിറയുന്നു. ചിലയിടങ്ങളില്‍ കനാല്‍ കര കവിഞ്ഞൊഴുകി. ആലപ്പുഴ ബീച്ചിനു സമീപം കനാലിനെയും കടലിനെയും ബന്ധിപ്പിക്കുന്ന പൊഴി മുറിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ചേര്‍ത്തല താലൂക്കിലുള്‍പ്പെടെ കായലോര പ്രദേശങ്ങളില്‍ വെള്ളം കയറുന്നു.

പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിന് സമീപത്ത് നിന്നു നാല് മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി പരുമലയിലെ ആശുപത്രിയിലെത്തിച്ചു. മോര്‍ച്ചറിയില്‍ സ്ഥലമില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ പുറത്തുവെച്ചിരിക്കുന്നു. ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല.

കുട്ടനാടിന്റെ പ്രളയ ബാധിത മേഖലകളില്‍നിന്നുള്ള ഒഴിപ്പിക്കല്‍ തുടരുന്നു. ചേര്‍ത്തലയില്‍ തുറന്ന ക്യാംപുകളിലേക്ക് 4500ല്‍ അധികം പേരെ മാറ്റി. ആലപ്പുഴ നഗരത്തിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും കടലിലേക്കുള്ള ഒഴുക്ക് വേഗത്തിലാക്കാനും വാടക്കനാല്‍, കൊമേഴ്‌സ്യല്‍ കനാല്‍ എന്നിവ ബീച്ച് ഭാഗത്തു തുറക്കുന്നതിന് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കു നിര്‍ദേശം നല്‍കി. ബീച്ചിലേക്ക് കനാല്‍ തുറക്കുന്നതു സമയബന്ധിതമായി നിരീക്ഷിക്കാനും ഒഴുക്കു സുഗമമാണെന്ന് ഉറപ്പാക്കാനും നഗരസഭാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്തുനിന്നു വന്ന ഒരുലോഡ് മരുന്ന് ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. ഇത് ഉടനെ വിവിധ കേന്ദ്രങ്ങളിലേക്കു നല്‍കാനും നിര്‍ദേശിച്ചു.

രാമങ്കരി, മുട്ടാര്‍ പ്രദേശങ്ങളിലും പുളിങ്കുന്ന് കാവാലത്തും എന്‍ഡിആര്‍എഫിന്റെ ഓരോ ടീമിനെ നിയോഗിച്ചു. മുട്ടാര്‍, രാമങ്കരി ഭാഗത്തേക്ക് എന്‍ഡിആര്‍എഫിന്റെ രണ്ടാമത്തെ സംഘത്തെയും നിയോഗിച്ചു. ലഭ്യമായ ശിക്കാര വള്ളങ്ങളും വഞ്ചിവീടുകളും തലവടി, എടത്വ, മുട്ടാര്‍ ഭാഗങ്ങളിലേക്ക് അയയ്ക്കുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here