ഹിന്ദു വര്‍ഗീയതയും മുസ്‌ലീം വര്‍ഗീയതയും ഒരുപോലെ കുഴിച്ചുമൂടണം: എം സ്വരാജ്

0
272

തിരുവനന്തപുരം(www.mediavisionnews.in): കാസര്‍കോട് ഉപ്പളയില്‍ ഡി.വൈ.എഫ്.ഐ നേതാവ് അബൂബക്കര്‍ സിദ്ദീഖ് ഹിന്ദുത്വ വാദികളാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി എം.സ്വരാജ് എം.എല്‍.എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആര്‍.എസ്.എസിനും, വര്‍ഗീയവാദത്തിനുമെതിരെ എം.സ്വരാജ് രൂക്ഷമായി ഭാഷയില്‍ സംസാരിച്ചത്.

കൊലപാതക വാര്‍ത്ത കേരള മനസാക്ഷിയെ അസ്വസ്ഥമാക്കുന്നു എന്ന് പറഞ്ഞുകൊണ്ടാരംഭിക്കുന്ന പോസ്റ്റില്‍ ഹിന്ദു വര്‍ഗീയതയാണ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തിന് പിന്നിലെന്ന് എം. സ്വരാജ് പറയുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ അക്രമം അഴിച്ചുവിട്ട് വര്‍ഗീയ ധ്രുവീകരണം നടത്താനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും എം.സ്വരാജ് കുറ്റപ്പെടുത്തി. കയ്യിലുണ്ടായിരുന്ന പഞ്ചായത്ത് ഭരണം നഷ്ടമായതാണ് അവരുടെ സമനില തെറ്റാന്‍ കാരണമെന്നും സ്വരാജ് പോസ്റ്റില്‍ പറയുന്നു.

അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്നത് വിചിത്രവാദമാണെന്നും സ്വരാജ് ചൂണ്ടിക്കാണിക്കുന്നു. ആര്‍.എസ്.എസിനേയും വര്‍ഗീയതേയും എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണം.

മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയുടെ തലക്കെട്ടിനേയും സ്വരാജ് പോസ്റ്റില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ‘അബൂബക്കറിനെ കൊന്നത് പരസ്യമദ്യപാനത്തിന്റെ പേരില്‍’ എന്ന തലക്കെട്ട് തെറ്റിദ്ധാരണാജനകമായ വാര്‍ത്തയാണെന്നും, ഇതുവഴി ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടില്ലാത്ത അബൂബക്കര്‍ സിദ്ദീഖിനെ മനോരമ അപമാനിച്ചുവെന്നും സ്വരാജ് പറയുന്നുണ്ട്.

അഭിമന്യു ഉയര്‍ത്തിയ വര്‍ഗീയത് തുലയട്ടെ എന്ന മുദ്രാവാക്യം ഉയര്‍ത്തി വിളിക്കാനാണ് തീരുമാനമെന്നും, ഹിന്ദു വര്‍ഗീയതയും മുസ്‌ലീം വര്‍ഗീയതയും ഒരുപോലെ കുഴിച്ച് മൂടേണ്ടതാണെന്നും പറഞ്ഞ് കൊണ്ടാണ് സ്വരാജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

വർഗീയത തുലയട്ടെ.

എം സ്വരാജ് .

കാസർകോട്ടെ ഉപ്പളയിൽ DYFI യുടെ മുൻ യൂണിറ്റ് സെക്രട്ടറിയും സി പി ഐ (എം) അംഗവുമായ സ.അബൂബക്കർ സിദ്ദീഖ് ക്രൂരമായി കൊല്ലപ്പെട്ട വാർത്ത ഒരിക്കൽ കൂടി കേരളത്തിന്റെ മനസാക്ഷിയെ അസ്വസ്ഥമാക്കുന്നു.

ഹിന്ദു വർഗീയതയുടെ സംഘ രൂപമായ RSS ക്രിമിനൽ സംഘമാണ് അബൂബക്കർ സിദ്ദീഖിനെ ജീവിതത്തിന്റെ വസന്ത കാലത്ത് കുത്തിമലർത്തിയത്. ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരിക്കേ ജോലി തേടി വിദേശത്ത് പോയ സഖാവ് ഈയടുത്താണ് തിരിച്ച് നാട്ടിലെത്തിയത്.

സത്താറിന്റെ ചോര വീണ മണ്ണിൽ ഒരിക്കൽ കൂടി RSS ക്രിമിനലുകൾ അഴിഞ്ഞാടുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ അക്രമമഴിച്ചുവിട്ട് വർഗ്ഗീയ ധ്രുവീകരണത്തിനാണ് RSS കോപ്പുകൂട്ടുന്നത്. കയ്യിലുണ്ടായിരുന്ന പഞ്ചായത്ത് ഭരണം നഷ്ടമായത് സംഘപരിവാരത്തിന്റെ സമനില തെറ്റിച്ചിരിക്കയാണ്. അബൂബക്കർ സിദ്ദീഖിന്റെ കൊലയ്ക്ക് നേതൃത്വം കൊടുത്ത RSS പ്രവർത്തകർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് ജില്ലയിൽ എത്തുന്നതിന്റെ തൊട്ടുമുമ്പാണ് ഈ കൊലപാതകം . സംസ്ഥാന അധ്യക്ഷന് ഒരു ചെറുപ്പക്കാരന്റെ ചോരയിലൂടെ വഴിയൊരുക്കിയ RSS , സംഘപരിവാർ പൈതൃകം ഒരിക്കൽക്കൂടി ഉയർത്തിപ്പിടിച്ചു.

അബൂബക്കർ സിദ്ദീഖിന്റെ കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന വിചിത്ര വാദവുമായി സംഘപരിവാരവും സംഘബന്ധുക്കളും ഇറങ്ങിയിട്ടുണ്ട്. RSS ക്രിമിനൽ സംഘത്തിന്റെ മദ്യ-മയക്കുമരുന്ന് കച്ചവടത്തെ അബൂബക്കർ സിദ്ദീഖ് എതിർത്തിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പ്രചരണം

അതെ, RSS നെ അബൂബക്കർ സിദ്ദീഖ് എതിർത്തു. വർഗീയതയെ അബൂബക്കർ സിദ്ദീഖ് എതിർത്തു. RSS ന്റെ മദ്യ-മയക്കുമരുന്നു കച്ചവടത്തെയും അബൂബക്കർ സിദ്ദീഖ് എതിർത്തു.
കാരണം അബൂബക്കർ സിദ്ദീഖ് DYFlസഖാവായിരുന്നു. കമ്യൂണിസ്റ്റായിരുന്നു. കൊല്ലപ്പെടാൻ കാരണവും അതു തന്നെയായിരുന്നു.

പലയിടത്തും മദ്യ-മയക്കുമരുന്നുമാഫിയാ സംഘമായാണ് എല്ലാ വർഗ്ഗീയ സംഘടനകളും പ്രവർത്തിക്കുന്നത്.
വർഗ്ഗീയവാദികളുടെ സൈഡ് ബിസിനസാണ് മദ്യ-മയക്കുമരുന്ന് കച്ചവടം .
DYFI വർഗ്ഗീയതയെയും മയക്കുമരുന്നിനെയും എന്നും എതിർത്തു പോന്നിട്ടുണ്ട്.

വർഗീയതയ്ക്കും മയക്കുമരുന്ന് മാഫിയക്കുമെതിരായ പോരാട്ടം ഇനിയുമിനിയും ശക്തമാക്കണമെന്നു തന്നെയാണ് അബൂബക്കർ സിദ്ദീഖിന്റെ രക്തസാക്ഷിത്വവും നമ്മെ ഓർമിപ്പിക്കുന്നത്.

നാടിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷി അബൂബക്കർ സിദ്ദീഖിനെ അപമാനിക്കുന്ന തലക്കെട്ടിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയാണ് ഇതിനിടെ മനോരമഓൺലൈൻ നൽകിയത്.

” അബൂബക്കറിനെ കൊന്നത് പരസ്യ മദ്യപാനത്തിന്റെ പേരിൽ; ആർ എസ് എസുകാരൻ പിടിയിൽ ”
ഇതായിരുന്നു വാർത്തയുടെ തലക്കെട്ട്. ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ലാത്ത , RSS ന്റെ വർഗീയതയെയും സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തെയും നിരന്തരം എതിർത്തു പോന്ന ഒരു ചെറുപ്പക്കാരന്റെ കൊലപാതക വാർത്തയാണ് മനോരമ ഇങ്ങനെ നൽകിയത്. കൊല്ലപ്പെട്ടവന്റെ മൃതദേഹത്തെയും കൊല്ലാനാവുമെന്ന് മനോരമ തെളിയിച്ചു.

മലയാളത്തിലെ ഏത് വാക്കു കൊണ്ടാണ് ഈ ഹീനകൃത്യത്തെ വിശേഷിപ്പിക്കുക ? അക്ഷരങ്ങൾ കൊണ്ട് ചെയ്യാവുന്ന പരമാവധി കുറ്റമാണ് മനോരമ ചെയ്തിരിക്കുന്നത്. അഭിമാനത്തോടെ മാധ്യമ പ്രവർത്തനത്തിലേർപ്പെടുന്ന സകലരും മനോരമഓൺലൈനിലെ ഈ വാർത്തയോർത്ത് , അത് തയ്യാറാക്കിയവരെ ഓർത്ത് തലമുറകളോളം നാണിക്കും.

അബൂബക്കർ സിദ്ദീഖിന്റെ കൊലപാതകം നടന്ന് നിമിഷങ്ങൾക്കുള്ളിൽ അഭിമന്യുവിന്റെ കൊലയാളി സംഘം ആഹ്ലാദ പ്രകടനവുമായി ചാടി വീണിട്ടുണ്ട്. മൃതശരീരത്തെ മതക്കുപ്പായമണിയിച്ച് അസംബന്ധങ്ങൾ പുലമ്പിക്കൊണ്ട് സ്വന്തം കൈകളിലെ ചോര മറയ്ക്കാനാണ് ശ്രമം. മത വർഗീയത ചിന്താശേഷി ഇല്ലാതാക്കിയ വർഗീയജീവികളുടെ വിഷജൽപനങ്ങളെ ചവുട്ടിയരച്ചു കളയുന്ന പുല്ലുപോലെ അവഗണിക്കുന്നു.

എല്ലാ തരം വർഗീയതയും ദാഹിക്കുന്നത് മനുഷ്യന്റെ ചോരയ്ക്കു വേണ്ടിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. വർഗീയതയെ തുടച്ചു നീക്കിയ മണ്ണിലേ സാഹോദര്യത്തിന്റെ പൂക്കൾ വിടരൂ.

അഭിമന്യുവിന്റെ മുദ്രാവാക്യം ..
കേരളമാകെ ഏറ്റു വിളിച്ച മുദ്രാവാക്യം…. ഇനിയുമുറക്കെ ഭൂമികുലുങ്ങുമാറ് ഉച്ചത്തിൽ ഏറ്റു വിളിയ്ക്കാനാണ് ഞങ്ങളുടെ തീരുമാനം. വർഗീയത തുലയട്ടെ എന്നാണ് അഭിമന്യു അവസാനമായി എഴുതിയത്. ഹിന്ദു വർഗീയതയും മുസ്ലിം വർഗീയതയും ഒരു പോലെ കുഴിച്ചു മൂടേണ്ടതാണെന്ന് ഡിവൈഎഫ്ഐക്ക് നല്ല ബോധ്യമുണ്ട്. വർഗീയതയ്ക്കും വർഗീയവാദികൾക്കും മയക്കുമരുന്നു കച്ചവടത്തിനുമെല്ലാം എതിരായി പൊരുതാൻ നാം പ്രതിജ്ഞ പുതുക്കുക .

LEAVE A REPLY

Please enter your comment!
Please enter your name here