പാലക്കാട്(www.mediavisionnews.in): വെള്ളത്തിലുള്‍പ്പെടെ ഏത് പ്രതികൂല പരിത: സ്ഥിതിയിലും സഞ്ചരിക്കുന്ന രണ്ട് ബെമല്‍- ടട്രാ ട്രക്കുകള്‍ പാലക്കാട് നിന്ന് ചാലക്കുടിയിലേക്ക് അയച്ചതായി എംബി രാജേഷ് എംപി. ഒന്ന് നേരെ ചാലക്കുടിക്കും മറ്റൊന്ന് ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയില്‍ അവശ്യ വസ്തുക്കള്‍ എത്തിച്ച ശേഷം ചാലക്കുടി,ആലുവ പ്രദേശങ്ങളിലെ സേവനത്തിനായും പോകും. പാലക്കാടുള്ള പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എല്‍ നിര്‍മ്മിക്കുന്ന ഈ ടട്രാ ട്രക്കുകളാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നത്.
കാര്‍ഗില്‍ പോലുള്ള ദുഷ്കര മേഖലകളില്‍ മികവു തെളിയിച്ച ഈ ട്രക്കുകള്‍ ഒരാള്‍പ്പൊക്കമുള്ള വെള്ളത്തില്‍ സഞ്ചരിക്കും. എഞ്ചിനുകള്‍ വളരെ ഉയരത്തിലായതു കൊണ്ട് വെള്ളം കയറി ഓഫായി പോകില്ല. എട്ടു ചക്രങ്ങളുള്ള ഈ വാഹനം ചെളിയില്‍ പുതഞ്ഞു പോകുകയുമില്ല.
ആവശ്യമെങ്കില്‍ മണിക്കൂറില്‍ 80 കി.മീ വേഗത്തില്‍ വരെ സഞ്ചരിക്കാനാവും.പാലക്കാട്ടെ ആവശ്യത്തിന് സജ്ജമാക്കിയതാണെങ്കിലും ഇവിടെ സ്ഥിതി മെച്ചപ്പെട്ടതിനാല്‍ ഗുരുതര സ്ഥിതിയുള്ള ചാലക്കുടി,ആലുവ മേഖലകള്‍ക്കായി വാഗ്ദാനം ചെയ്യുകയായിരുന്നു. രണ്ടു ട്രക്കുകളും പാലക്കാട് നിന്ന് തിരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.