കാസർകോട് (www.mediavisionnews.in): സിപിഐ എം പ്രവർത്തകൻ സോങ്കാലിലെ അബൂബക്കർ സിദ്ദിഖി (20)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആർഎസ്എസ്സുകാരെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടേക്കും. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളായ സോങ്കാൽ പ്രതാപ്നഗറിലെ അശ്വത്, ഉപ്പള ഐല മൈതാനിയിലെ കാർത്തിക് എന്നിവരെ ഹാജരാക്കാൻ കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കൊടതി (രണ്ട്) വാറണ്ട് പുറപ്പെടവിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും കോടതി അവധിയായതിനാൽ തിങ്കളാഴ്ച പ്രതികളെ ഹാജരാക്കും.
കൊലയിൽ പ്രതികൾക്കുള്ള പങ്ക് വ്യക്തമായി തെളിഞ്ഞതിനാൽ ഗൂഢാലോചനയും മറ്റുള്ളവരുടെ പങ്കുമാണ് കൂടുതലായി അന്വേഷിക്കുക. കൊല നടന്നതിനു പിറ്റേന്നുതന്നെ പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുപോയി കുത്താനുപയോഗിച്ച പ്രത്യേക തരം കത്തി കണ്ടത്തിയിരുന്നു. പ്രതികളുടെയും ബന്ധുക്കളുടെയും ഫോൺ കോളുകളുടെ ലിസ്റ്റും പരിശോധിക്കുന്നുണ്ട്.
പ്രതികൾ ഉപയോഗിച്ച ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. മദ്യവിൽപന ചോദ്യംചെയ്തതിന്റെ പേരിൽ അബൂബക്കർ സിദ്ദിഖിനും കൂട്ടുകാർക്കും നേരെ ആർഎസ്എസ് ക്രിമിനലുകൾ മുമ്പ് നടത്തിയ ആക്രമണങ്ങളും അന്വേഷിക്കുന്നുണ്ട്.
അബൂബക്കർ സിദ്ദിഖിന്റെ ജ്യേഷ്ഠൻ മുഹമ്മദ് ആഷിഖ് പി കരുണാകരൻ എംപിയുടെ തെരഞ്ഞെടുപ്പ് പോസ്റ്റർ പ്രതാപ്നഗറിൽ പതിച്ചതിന് വീടിനുനേരെ ആർഎസ്എസ് ആക്രമണമുണ്ടായി.
സാമൂഹ്യ മാധ്യമങ്ങളിൽ ആർഎസ്എസ്സിനും എസ്ഡിപിഐക്കുമെതിരെ വർഗീയവിരുദ്ധ പോസ്റ്റുകളിട്ടതിന് അബൂബക്കർ സിദ്ദിഖിനും ജ്യേഷ്ഠൻ ആഷിഖിനും സംഘപരിവാർ ഭീഷിണിയുണ്ടായിരുന്നു. ഇവയൊക്ക അന്വേഷണ പരിധിയിൽ വരും.
പ്രതി അശ്വതിന്റെ പേരിൽ കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലായി നരഹത്യാ ശ്രമം ഉൾപ്പെടെ നിരവധി കേസുകളുണ്ട്. കൊല നടന്ന ദിവസം രാത്രി ബിജെപി ജില്ലാ കമ്മിറ്റി അംഗം വത്സരാജിന്റെ വീട്ടിൽ നടന്ന പിറന്നാൾ പാർടിയിൽ പ്രതികളായ അശ്വതിനെയും കാർത്തികിനെയും കൂടാതെ കാസർകോട്, മഞ്ചേശ്വരം, കുമ്പള ഭാഗങ്ങളിലെ നിരവവധി കൊലക്കേസുകളിലെ പ്രതികളും സംഗമിച്ചിരുന്നു.
തുടർന്നാണ് അശ്വതും കാർത്തികും ചേർന്ന് അബൂബക്കർ സിദ്ദിഖിനെ കൊലപ്പെടുത്തിയത്. കാസർകോട് ഡിവൈഎസ്പി എം വി സുകുമാരന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.