കാസര്‍കോട് (www.mediavisionnews.in):കാസര്‍കോട് ഉപ്പള സോങ്കാലിലെ സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിനെ കുത്തിക്കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പൊലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അശ്വത്ത്, കാര്‍ത്തിക്ക് എന്നീ പ്രതികളെ കഴിഞ്ഞ ദിവസമാണ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് അപേക്ഷ നല്‍കുന്നത്. അബൂബക്കര്‍ സിദ്ദീഖിനെ കുത്താന്‍ പ്രത്യേക രീതിയിലുള്ള കത്തിയാണ് പ്രതികള്‍ ഉപയോഗിച്ചത്. കുത്താന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിരുന്നു. ഈ കത്തി ഉപയോഗിച്ച് തന്നെയാണ് അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്തിയതെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. അബൂബക്കര്‍ സിദ്ദീഖിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവും കത്തിയുടെ രൂപവും തമ്മില്‍ സാമ്യമുള്ളതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. കുത്താന്‍ ഉപയോഗിച്ച കത്തിയുടെ ഉറവിടത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രദേശത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണോ അക്രമമെന്ന കാര്യവും പൊലീസ് പരിശോധിക്കും. അക്രമത്തിന്റെ കാരണവും ഗുഢാലോചനയും വിശദമായി അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. മദ്യവില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. മറ്റെന്തെങ്കിലും ലക്ഷ്യം കൂടി അക്രമത്തിന് പിന്നിലുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കും.
കാസര്‍കോട് ഉപ്പള സോങ്കാലില്‍ ഞായറാഴ്ച രാത്രിയാണ് അബൂബക്കര്‍ സിദ്ദീഖിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അശ്വത്തും കാര്‍ത്തിക്കും കുത്തിക്കൊന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ