സിദ്ദിഖിന്റെ കൊലപാതകം: ആശ്വാസം പകർന്ന് പോലീസ് നടപടി

0
298

മഞ്ചേശ്വരം(www.mediavisionnews.in): മദ്യം, മയക്കുമരുന്ന്, മണൽ-ഇത്‌ മൂന്നും പോരാഞ്ഞ് ഇരുവിഭാഗങ്ങൾ തമ്മിലുള്ള ചേരിതിരിവും അസ്വസ്ഥത സൃഷ്ടിക്കുന്ന മഞ്ചേശ്വരം താലൂക്കിൽ ഒരു കൊലപാതകം കൂടി അരങ്ങേറിയപ്പോൾ തികച്ചും നിസ്സഹായരായിപ്പോയ സാധാരണക്കാർക്ക് പോലീസ് നടപടി ആശ്വാസമായി. സി.പി.എം. പ്രവർത്തകൻ സിദ്ദിഖിന്റെ കൊലപാതകികളെ പന്ത്രണ്ട് മണിക്കൂറിനകം പിടികൂടാൻ കഴിഞ്ഞു. ഒരുപാട് മാനങ്ങൾ ഉണ്ടാകുമായിരുന്ന കൊലക്കേസിൽ പോലീസ് ഉണർന്ന് പ്രവർത്തിച്ചത് വലിയ കുഴപ്പങ്ങൾ ഒഴിവാക്കി. സിദ്ദിഖിന്റെ കൊലപാതകത്തിനെതിരായ പ്രതിഷേധം തികച്ചും സമാധാനപരമായിരുന്നു. കർണാടക കെ.എസ്.ആർ.ടി.സി. ബസ്സിന് ബൈക്കിലെത്തിയ മൂന്നുപേർ കല്ലെറിഞ്ഞതാണ് ആകെയുണ്ടായ അക്രമം. മേഖല മുഴുവൻ പെട്ടെന്ന് നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞതുകൊണ്ടാണ് അക്രമം തടയാനായതെന്ന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

കൊലപാതകം നടന്ന് അരമണിക്കൂറിനകം പോലീസ് സ്ഥലത്തെത്തി. ഒരുസംഘത്തെ സിദ്ദിഖിനെ കൊണ്ടുപോയ മംഗളൂരു ആസ്പത്രിയിലേക്കയച്ചു. സാധിക്കുമെങ്കിൽ മൊഴിയെടുക്കാൻ. പക്ഷേ, ആസ്പത്രിയിലെത്തുമ്പോഴേക്കും മരിച്ചതിനാൽ അത് കഴിഞ്ഞില്ല. അപ്പോഴേക്കും ദൃക്‌സാക്ഷികളിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞ മറ്റൊരു സംഘം പ്രതികൾ രക്ഷപെടാനുള്ള വഴി അടച്ചു. കയിക്കമ്പ-ബായാർ റോഡ്, മണ്ണംകുഴി, റോഡുകൾക്കുപുറമെ മംഗളൂരു ദേശീയപാതയും പോലീസ് നീരിക്ഷണത്തിലായി. ആനക്കല്ല് വഴി രക്ഷപെടാനുള്ള സാധ്യതയും ഇല്ലാതാക്കി. പ്രദേശം മുഴുവൻ പോലീസ് പരിശോധന തുടങ്ങി. ഒടുവിൽ അധികം അകലെയല്ലാത്ത ഒളിവുകേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു.

പ്രതികളെ കിട്ടിയതോടെ കത്തി കണ്ടെടുക്കാനായി ശ്രമം. സംഭവത്തിനുശേഷം ബായാർ ഭാഗത്തേക്ക് ഓടിപ്പോയ തങ്ങൾ കത്തി വഴിയിലെറിഞ്ഞെന്ന് പോലീസിനോട് വെളിപ്പെടുത്തി. ഏകദേശ സ്ഥലം അവർ കാട്ടിക്കൊടുത്തു. തിരച്ചിലിൽ കത്തി കണ്ടെടുക്കാനായത് നിർണായക തെളിവായി. പ്രതികൾ ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന്‌ കുമ്പള സർക്കിൾ ഇൻസ്പെക്ടർ പ്രേംസദനാണ് കത്തി കണ്ടെടുത്തത്. തുണിയോ മറ്റോ ഉപയോഗിക്കാതെ കത്തി നേരിട്ടെടുത്തത് പ്രതികളുടെ വിരലടയാളം നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്ന് ചിലർ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് പോലീസ് തള്ളിക്കളഞ്ഞു. അപരിചിതമായ സ്ഥലത്ത് പ്രതികൾ കാട്ടിക്കൊടുത്താലല്ലാതെ കത്തി കണ്ടെടുക്കാൻ കഴിയില്ലെന്നും തെളിവുനിയമം അനുസരിച്ച് ഇത് സാധുവാണെന്നും അവർ ചൂണ്ടിക്കാട്ടി. എത്ര മഴ നനഞ്ഞാലും മായാത്ത കത്തിയിലെ ചോരക്കറ ഫൊറൻസിക് പരിശോധനയിൽ കണ്ടെത്താനും കഴിയും.

ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസും കാസർകോട് ഡിവൈ.എസ്.പി. എം.വി.സുകുമാരനും നാല് സർക്കിൾ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംഭവം നടന്ന് ചുരുങ്ങിയ സമയം കൊണ്ട് സ്ഥലത്തെത്തി. പുലർച്ചയോടെ മാത്രമാണ് ഇവർ മടങ്ങിയത്. അതിനിടെ ഫലപ്രദമായ സേനാ വിന്യാസം നടത്തി. പിറ്റേന്ന് പകൽ ഏതാണ്ട് മുഴുവൻ സമയവും ഡോ. ശ്രീനിവാസും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തും പരിസരത്തുമായി ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here