വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ നേരില്‍ക്കണ്ടും കൈത്താങ്ങായും സിറ്റിസണ്‍ ഉപ്പള

0
299

ഉപ്പള(www.mediavisionnews.in) : കേരളം മുഴുവന്‍ പ്രളയത്താല്‍ ദുരിതത്തിലായ പ്രധാന ജില്ലകളിലൊന്നായ വയനാട്ടിലെ ദുരിത ബാധിത മേഖലകള്‍ നേരില്‍ക്കണ്ടും കൈത്താങ്ങായും സിറ്റിസണ്‍ സ്പോര്‍ട്സ് ക്ളബ്ബ് ഉപ്പള. തിങ്കളാഴ്ച വയനാട്ടിലെത്തിയ സിറ്റിസണ്‍ ഉപ്പളയുടെ അംഗങ്ങള്‍ ജില്ലയിലെ മാനന്തവാടി നിയോജക മണ്ടലത്തില്‍പെട്ട തവിഞ്ഞാല്‍ പഞ്ചായത്തിലെ പ്രളയവും ഉരുള്‍പൊട്ടലും മൂലം ദുരിതം ബാധിച്ച വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

കഴിഞ്ഞ പത്ത് ദിവസത്തോളമായി ക്ലബിന്റെ നേതൃത്വത്തില്‍ സമാഹരിച്ച പണത്തില്‍ നിന്ന് പ്രളയത്താല്‍ വീടുകള്‍ ഭാഗികമായും പൂര്‍ണ്ണമായും തകര്‍ന്ന പതിമൂന്ന് കുടുംബങ്ങള്‍ക്ക് നഷ്ടത്തിന്‍റെ തോത് മനസ്സിലാക്കി ആകെ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കൈമാറി. കൂടാതെ ഒന്നര ടണ്‍ ഭക്ഷണ സാധനങ്ങളും അര ടണ്ണോളം വരുന്ന വസ്ത്രങ്ങളും വയനാട്ടിലെ വിവിധ പ്രദേശങ്ങളിലെ പ്രളയ ബാധിതര്‍ക്കു നേരിട്ട് നല്‍കാനായി തവിഞ്ഞാല്‍ പഞ്ചായത്തിലെ വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ദുരിത മേഖലകള്‍ നേരില്‍ക്കാണാനും സഹായം കൈമാറാനുമായി ഉപ്പളയിലെ വ്യാപാരിയും പൊതുപ്രവര്‍ത്തകനും വയനാട് സ്വദേശിയുമായ ഷുക്കൂര്‍ ഹാജി, വയനാട്ടിലെ വിവിധ പ്രദേശങ്ങളിലെ പൊതു-സാമൂഹ്യ പ്രവര്‍ത്തകരായ യൂസുഫ് ഹാജി, തവിഞ്ഞാല്‍ പഞ്ചായത്ത് മെമ്പര്‍ സല്‍മ കാസിം തുടങ്ങിയവരും ക്ലബ് അംഗങ്ങളോടൊപ്പം അനുഗമിച്ചു.

ക്ലബ് പ്രതിനിധികളായ അഷ്റഫ് സിറ്റിസണ്‍,  ഉപ്പളയുടെ നേതൃത്വത്തിലുള്ള സംഘം തവിഞ്ഞാല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ വാളാട്, കൂടംകുന്ന് കുടത്തില്‍, താളിമൂല കാരച്ചാല്‍, കുളത്താട, മാംമ്പൈ, തലപ്പുഴ, കമ്പിപ്പാലം തുടങ്ങിയ പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

ആദിവാസി മേഖലയായ പാലോട് തറവാട് പ്രദേശത്തെത്തിയ സംഘത്തെ മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയുടെ നേതൃത്വത്തിലുള്ള തറവാട് അംഗങ്ങള്‍ സ്വീകരിച്ചു. ക്ലബ് നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച മുന്‍മന്ത്രി ക്ലബ് അംഗങ്ങളോടുള്ള കൃതജ്ഞതയും അറിയിച്ചു. കൂടാതെ വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരന്‍ മാസ്റ്റര്‍, പൊതുപ്രവര്‍ത്തകരായ ജോസ് കൈനിക്കുന്നേല്‍, മോയിന്‍ കാസിം തുടങ്ങിയവരും സംഘത്തെ നേരിട്ട് സന്ദര്‍ശിച്ച് നന്ദി അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് ക്ലബ് പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ വയനാട്ടിലേക്കുള്ള ദുരിത സഹായ സാധനങ്ങളുമായി പുറപ്പട്ട വാഹനത്തെ ക്ലബ് ചെയര്‍മാന്‍ അബ്ദുല്‍ റഷീദ് മജാല്‍ ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ് സെക്രട്ടറി നാസിര്‍ പി.എമ്മിന്‍റെ നേതൃത്വത്തിലുള്ള ക്ലബ്ബിലെ മറ്റു അംഗങ്ങള്‍ സംഘത്തെ യാത്രയാക്കി. സംഘത്തില്‍ അഷ്റഫ് സിറ്റിസണ്‍, ഉമ്പായി, ഫാറൂക്ക് ബി.ഐ, അക്ബര്‍, സത്താര്‍, ഷാഫിര്‍, റഫീക്ക്, നാഫി, ഇസ്മായില്‍, ഷവീദ്, നബീല്‍, അഷ്ഫാക്ക്, മുത്തലിബ്, ഹനീഫ്, റഫീക്ക് മണിമുണ്ട, അബ്ബാസ്, മന്‍സൂര്‍, വാഹിദ് തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9947019278 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here