മുന്‍ കാമുകനെ കൊല്ലാന്‍ സുഹൃത്തിന് നിര്‍ദേശം നല്‍കിയ കാമുകി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍; യുവതിക്കും സുഹൃത്തിനും ജീവപര്യന്തം തടവ് വിധിച്ച് കോടതി

0
287

മംഗളൂരു(www.mediavisionnews.in): മുന്‍ കാമുകനെ വധിക്കാന്‍ സുഹൃത്തിന് നിര്‍ദ്ദേശം നല്‍കിയ കാമുകി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍.കേസില്‍ കാമുകിക്കും സുഹൃത്തിനും കോടതി ജീവപര്യന്തം തടവ് വിധിച്ചു. മുള്‍ക്കി കാര്‍നാടിലെ സുഷ്മ പ്രസീല (26), സുഹൃത്ത് തുംകൂര്‍ തിപട്ടൂരിലെ ഗവിരങ്ക (ഹരീഷ് 26) എന്നിവര്‍ക്കാണ് മംഗളൂരു ആറാം അഡീഷണല്‍ ജില്ലാ കോടതി ശിക്ഷവിധിച്ചത്. 25,000 രൂപവീതം പിഴയടയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷംകൂടി ജയില്‍ശിക്ഷ അനുഭവിക്കണം. പിഴയടയ്ക്കുന്ന തുക കൊല്ലപ്പെട്ട അവിനാഷിന്റെ ബന്ധുക്കള്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

2014 ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെയാണ് മംഗളൂരു ദേശീയ പാത 66ല്‍ പാവഞ്ചെ പാലത്തിനരികിലുണ്ടായ ബൈക്കപകടത്തില്‍ കാര്‍ക്കള ബോളയിലെ അവിനാഷ് (21) കൊല്ലപ്പെട്ടത്. അപകടമരണമാണെന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാല്‍ നാലു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ സുഷ്മ പ്രസീല, കാമുകന്‍ ഗവിരങ്ക എന്നിവരാണ് കൊലനടത്തിയതെന്ന് പൊലീസ് കണ്ടെത്തി. സുഷ്മയും അവിനാഷും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. പിന്നീട് ഓഫീസ് ഡ്രൈവറായ ഹരീഷുമായി സുഷ്മ പ്രണയത്തിലായി. ഇതറിഞ്ഞ അവിനാഷ് സുഷ്മയുടെ ഓഫീസിലെത്തി പ്രശ്‌നമുണ്ടാക്കി. സുഷ്മയുടെ ജോലി പോയി. ഇതോടെ സുഷ്മ അവിനാഷിനെ കൊല്ലാന്‍ തീരുമാനിച്ചു. അതിനായി സുഹൃത്തായ ഹരീഷിന്റെ സഹായം തേടി.

ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ അഞ്ചുമണിക്ക് മുക്ക ചെക്ക്‌പോസ്റ്റിനടുത്തു കാണണമെന്ന് അവിനാഷിനോട് സുഷ്മ ആവശ്യപ്പെട്ടു. അവിനാഷ് എത്തിയെങ്കിലും സുഷ്മ വന്നില്ല. അവിടെ എത്തിയ ഹരീഷ് കാറുമായി അവിനാഷിനെ പിന്തുടര്‍ന്ന് പാവഞ്ചെ പാലത്തിനരികില്‍ ഇടിച്ചുവീഴ്ത്തി ശരീരത്ത് കൂടി കാര്‍ കയറ്റി. ഗുരുതരമായി പരിക്കേറ്റ അവിനാഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആശുപത്രിയില്‍ എത്തുന്നതിനിടെ ആംബുലന്‍സ് ജീവനക്കാരോട് അവിനാഷ് സംഭവം വിവരിച്ചതോടെയാണ് ആസൂത്രിത പദ്ധതിയാണെന്ന് മനസ്സിലാകുന്നത്. മുള്‍ക്കി പൊലീസ് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്ര നായിക് ആണ് കേസ് അന്വേഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here