എറണാകുളം(www.mediavisionnews.in): വെള്ളമിറങ്ങിയതോടെ മലയാറ്റൂർ–കോടനാട് പാലത്തിൽ മാലിന്യക്കൂമ്പാരം. പാലത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് മാലിന്യം പുഴയിലേക്ക് തിരിച്ചുതള്ളുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യമാണ് പുഴയിലേക്ക് തള്ളുന്നത്. വിഡിയോക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്.
പ്രളയക്കെടുതിയില്‍ ഇന്നുമാത്രം സംസ്ഥാനത്ത് 31 പേര്‍ മരിച്ചു. 3446 ദുരിതാശ്വാസ ക്യാംപുകളിലായി ആറരലക്ഷം പേരാണുള്ളത്. ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ 164 പേര്‍ മരിച്ചു. 38 പേരെ കാണാതായി. തിരുവനന്തപുരം, കാസര്‍കോട്,കൊല്ലം ജില്ലകളിലൊഴികെ അതീവജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി സംഘങ്ങള്‍ എത്തുന്നുണ്ട്.
മഴക്കെടുതി ഏറെ രൂക്ഷമായി പത്തനംതിട്ടയിലും എറണാകുളത്തും രാവിലെ മുതല്‍ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ചെങ്ങന്നൂരില്‍ നിന്ന് മാത്രം രണ്ടായിരം പേരെയാണ് രക്ഷിച്ചത്. ചെറുവഴികളില്‍ കുടുങ്ങി വലിയ ബോട്ടുകള്‍ പലയിടത്തും എത്താത്തത് പ്രതിസന്ധി സൃഷ്ടിച്ചു. കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് കുട്ടനാട്ടില്‍ കൂടുതല്‍ ദുരിതമുണ്ടാക്കി. ആലപ്പുഴ നഗരത്തിലും വെള്ളം കയറി.
ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും നെല്ലിയാമ്പതി തീര്‍ത്തും ഒറ്റപ്പെട്ടു. ചാലക്കുടി മുതല്‍ തൃശൂര്‍ വരെ ദേശീയപാതയില്‍ വെള്ളമിറങ്ങിയത് ആശ്വാസമായി. എന്നാല്‍ തൃശൂരിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ വെള്ളം ഉയര്‍ന്നത് ആശങ്കയുണ്ടാക്കി. എറണാകുളത്തും പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് കൂടുതല്‍ പേര്‍ മരിച്ചത്. പറവൂര്‍ കുത്തിയതോട് പള്ളിയുടെ ഒരുഭാഗം കഴിഞ്ഞദിവസം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.