കാസർകോട്(www.mediavisionnews.in): കനത്ത മഴ തുടരുന്ന ദക്ഷിണ കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് സംഘം അപകടത്തിൽപ്പെട്ടു. ഏഷ്യാനെറ്റ് കാസർകോട് റിപ്പോർട്ടർ മുജീബ് റഹ്‌മാൻ, ക്യാമറമാൻ സുനിൽകുമാർ എന്നിവരാണ് ഞായറാഴ്ച മടിക്കേരിയിൽ അപകടത്തിൽപ്പെട്ടത്. കർണ്ണാടക സർക്കാരിന്‍റെ ഫയർഫോഴ്‌സ് വാഹനത്തിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്.
പ്രളയ ബാധിത പ്രദേശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കനത്തമഴയിൽ പാലം തകരുന്നുവെന്ന അറിയിപ്പിനെ തുടർന്ന് കൂടുതൽ ഫയർഫോഴ്‌സ് വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് മുജീബും സുനിലും സഞ്ചരിച്ച ഫയർഫോഴ്‌സ് വാഹനം നിയന്ത്രണം വിട്ട്മറിഞ്ഞത്.
മുജീബിന്‍റെ തലയ്ക്കും സുനിലിന്‍റെ കൈക്കുമാണ് പരിക്ക്. ആദ്യം മടിക്കേരി ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരും ഇപ്പോൾ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച പുലർച്ചെയാണ് മുജീബും സംഘവും കാറിൽ മടിക്കേരിയിലേക്ക് പുറപ്പെട്ടത്. മഴ തകർത്ത വഴിയിൽ കൂടി കാർ യാത്ര ദുർഘടമായതിനെ തുടർന്ന് ഇവർ പ്രളയബാധിത പ്രദേശങ്ങളിൽ എത്താനായി കര്‍ണ്ണാടക സര്‍ക്കാറിന്‍റെ ഫയർ ഫോഴ്‌സ് വാഹനത്തെ ആശ്രയിക്കുകയായിരുന്നു.