കേരളത്തിന് സൗജന്യ അരി നല്‍കില്ല; പണം നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസഫണ്ടില്‍ നിന്ന് കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

0
253

ന്യൂദല്‍ഹി(www.mediavisionnews.in): പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സൗജന്യ അരി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പണം നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസഫണ്ടില്‍ നിന്ന് കുറയ്ക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

89540 മെട്രിക് ടണ്‍ അരിയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചത്. ഇതിനായി 233 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടിവരും.

അതേസമയം കേരളം പണം തല്‍ക്കാലം നല്‍കേണ്ടതില്ല. പ്രളയത്തെത്തുടര്‍ന്ന് സൗജന്യമായി അരി നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശസഹായങ്ങള്‍ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതില്‍ പ്രതിഷേധം പുകയുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.

ഐക്യരാഷ്ട്രസഭ, ജപ്പാന്‍ തുടങ്ങിയ സ്ഥലത്തുനിന്നുമുള്ള സഹായങ്ങള്‍ തല്‍ക്കാലം വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കേരളം അതില്‍ തൃപ്തരാണെന്നും അതിനാല്‍ വിദേശ ഏജന്‍സികളുടെ സഹായം ആവശ്യമില്ലെന്നുമാണ് കേന്ദ്രനിലപാടെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ സഹായിക്കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിരുന്നു. ഇന്ത്യ ആവശ്യപ്പെടുന്ന സഹായങ്ങള്‍ ചെയ്യാമെന്നാണ് യു.എന്‍ അറിയിച്ചത്. ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

കേരളത്തിലെ പ്രളയക്കെടുതിയില്‍ 20000 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക കണക്ക്. നിരവധി വീടുകള്‍ നശിച്ചിട്ടുണ്ട്. പല റോഡുകളും ഗതാഗത യോഗ്യമല്ലാതായി. നിരവധി പാലങ്ങളും പുനര്‍നിര്‍മ്മിക്കേണ്ട സ്ഥിതിയാണ്. ലക്ഷക്കണക്കിനാളുകളാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here