ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും എട്ടുമരണം , വയനാട്‌ ഒറ്റപ്പെട്ടു; എങ്ങും നാശനഷ്‌ടം

0
239

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് കനത്ത മഴയിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും എട്ടു പേര്‍ മരിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഉരുള്‍പൊട്ടലിലാണ്‌ എട്ടുപേര്‍ മരിച്ചത്‌. ഇടുക്കിയില്‍ ഇടുക്കി പെരിയാര്‍ വാലിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേരും അടിമാലിയില്‍ ഒരു കുടുംബത്തിലെ നാലുപേരുമാണ്‌ മരിച്ചത്‌. ഇടുക്കി മുരിക്കാശ്ശേരിക്കടുത്ത് രാജപുരത്ത് ഉരുള്‍പൊട്ടി. വീട് തകര്‍ന്ന് ആറ് പേരെ കാണാതായി. കഞ്ഞിക്കുഴി പെരിയാര്‍ വാലിയില്‍ കൂടകുഗന്നല്‍ അഗസ്‌തി , ഭാര്യ ഏലിക്കുട്ടി എന്നിവരാണ്‌ മരിച്ചത്‌. ഇരുവരുടേയും മൃതദേഹം പുറത്തെടുത്തു.

കനത്ത മഴയില്‍ ചുരത്തില്‍ മണ്ണിടിഞ്ഞ്‌ വീണ്‌ ഗതാഗതം തടസ്സപ്പെട്ടതോടെ വയനാട് ഒറ്റപ്പെട്ടു. വൈത്തിരിയില്‍ ഉരുള്‍പൊട്ടി ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു മരിച്ചു. രണ്ട് വീടുകള്‍ പൂര്‍ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈത്തിരി പൊലീസ് സ്റ്റേഷന്റെ മെസ് ഹൗസും തകര്‍ന്നു. പാല്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും കുറ്റ്യാടി ചുരത്തിലൂടെ ഭാഗികമായും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വയനാട്ടില്‍ നിന്ന് താഴേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം മുടങ്ങി.

കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടി ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. വട്ടിക്കുന്ന് പ്രദേശത്തുള്ള ഉരുള്‍ പൊട്ടിയ സ്ഥലത്തേക്ക് കാറുമായി എത്തിയയായിരുന്നു റിജിത്തും രണ്ടുസുഹൃത്തുക്കളും . ഇവരുടെ കാര്‍ ഒഴുക്കില്‍പെട്ടു. രണ്ടുപേര്‍ രക്ഷപ്പെട്ടെങ്കിലും കാറും റിജിത്തും പുഴയിലേക്ക് ഒഴുകി പോവുകയായിരുന്നു.

മലമുകളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഫയര്‍ ഫോഴ്സും പൊലീസും ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്. ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരു സംഘം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. റവന്യൂമന്ത്രി അടിയന്തരയോഗം വിളിച്ചു.

മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായി. നിലമ്ബൂരിന് സമീപം ചെട്ടിയം പാറയിലാണ് ആണ് ഉരുള്‍പൊട്ടിയത്. ജില്ലയില്‍ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. അരീക്കോടിന് സമീപം മൂര്‍ക്കനാട് പാലത്തിന്‍റെ പകുതി ഒലിച്ചുപോയി. വയനാട്ടില്‍ 34 ദുരിതാശ്വാസ ക്യാംപുകളിലായി 3000 തോളം പേര്‍ കഴിയുന്നുണ്ട്. മുമ്ബെങ്ങുമില്ലാത്ത തരത്തിലുള്ള അതീവ ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here