കണ്ണൂർ(www.mediavisionnews.in):അടുത്ത മാസം മകന്റെ വിവാഹത്തിന് പന്തലൊരുക്കേണ്ട വീടാണ് പേമാരിയിൽ കൺമുന്നിൽ തകർന്ന് വീണത്. സ്വപ്നങ്ങളും മോഹങ്ങൾക്കും മഴ തകർത്തെറിഞ്ഞപ്പോൾ പകച്ച് നിൽക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലായിരുന്നു ഇൗ കുടുംബങ്ങൾക്ക്. കണ്ണൂർ കരിക്കോട്ടക്കരിയിലാണ് സഹോദരങ്ങളുടെ വീട് പേമാരിയിൽ തകർന്നത്.
ഒന്നരവർഷം മുൻപാണ് എടപ്പുഴ റോഡരികിൽ ഒറ്റപ്പനാൽ മോഹനൻ ഇരുനില വീട് പൂർത്തിയാക്കിയത്. തൊട്ടടുത്തുള്ള അനുജൻ രവീന്ദ്രന്റെ വീടും നോക്കിനിൽക്കെ തകർന്നുവീണു. 26 സെന്റിലാണ് മോഹനന്റെയും രവീന്ദ്രന്റെയും വീടുകൾ നിന്നിരുന്നത്.
കഴിഞ്ഞ ദിവസം ചെറുതായി മണ്ണിടിയുന്നതു കണ്ടിരുന്നു. രാത്രിയും മഴ തുടർന്നതോടെ ഇരുകുടുംബങ്ങളും അവിടെനിന്നു മാറി. ഇന്നലെ രാവിലെ തിരിച്ചെത്തിയെങ്കിലും മണ്ണിടിച്ചിൽ ശക്തമായതിനെത്തുടർന്ന് കയ്യിൽക്കിട്ടിയ സാധനങ്ങൾ മാത്രമെടുത്ത് പുറത്തിറങ്ങി. അപ്പോഴേക്കും മോഹനന്റെ വീടിന്റെ പിന്നിലൂടെ ചെളിവെള്ളം ഇരച്ചുകയറിയിരുന്നു.
വീടിനു പിന്നിലെ മരങ്ങൾ ഒന്നൊന്നായി കടപുഴകുന്നതും മണ്ണു വന്നുവീണ് വീടിനെ നിരക്കിനീക്കിക്കൊണ്ടുവരുന്നതും നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് എത്തിയ ടെറിട്ടോറിയൽ ആർമി അംഗങ്ങളും നോക്കിനിൽക്കെ ഉച്ചയോടെ വീടുകൾ രണ്ടും നിലംപൊത്തി. രവീന്ദ്രൻ ജോലി ചെയ്തിരുന്ന ആലയും പണിയായുധങ്ങളും ഉൾപ്പെടെ മണ്ണെടുത്തു.