തിരുവനന്തപുരം(www.mediavisionnews.in):: പ്രളയദുരിതം നേരിടാന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികളെ അഭിനന്ദിച്ച് സി.പി.ഐ.എം. വാഴ്ത്തപ്പെടാത്ത ഹീറോസാണ് ഇവര്‍ എന്നു പറഞ്ഞാണ് സി.പി.ഐ.എം മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നത്.അവര്‍ മാത്രം ഒരുലക്ഷത്തോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും കേരളം നന്ദിയോടെ സ്മരിക്കുമെന്നും സി.പി.ഐ.എം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് നേരത്തെ നടന്‍ സലിംകുമാര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. മത്സ്യത്തൊഴിലാളികളുടെ ശ്രമഫലമായാണ് താനടക്കം 45 പേര്‍ പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നാണ് സലിംകുമാര്‍ പറഞ്ഞത്.
‘എനിയ്ക്ക് ഏറ്റവും കൂടുതല്‍ നന്ദി പറയാനുള്ളത് ഫിഷറീസ് വകുപ്പിനോടും പിന്നെ മത്സ്യത്തൊഴിലാളികളോടുമാണ്. നേവിയൊക്കെ എത്തിയിട്ട് ഒരു കാര്യവുമില്ല. രക്ഷപ്പെടുത്തിയിട്ടുള്ളത് മത്സ്യത്തൊഴിലാളികളും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റുമാണ്.’ എന്നാണ് സലിംകുമാര്‍ പറഞ്ഞത്.
കഴിഞ്ഞദിവസം ചാലക്കുടി, മാള, കൊടുങ്ങല്ലൂര്‍, ആലുവ, പറവൂര്‍ മേഖലകളില്‍ യന്ത്രവത്കൃത വള്ളങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം നിരവധി പേര്‍ക്ക് ആശ്വാസമായിരുന്നു. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരായിരുന്നു പ്രധാനമായും രംഗത്തുവന്നത്.
ഇവരുടെ വെള്ളത്തിലെ പരിചയവും ധൈര്യവും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷിക്കാനാവാത്തവിധം വീടുകളില്‍ കുടുങ്ങിയ നിരവധി പേര്‍ക്ക് തുണയായത് ഇവരായിരുന്നു.
മത്സ്യത്തൊഴിലാളികള്‍ സ്വന്തം ചിലവില്‍ ലോറികളില്‍ വള്ളങ്ങള്‍ കയറ്റിയാണ് ദുരന്തമേഖലയില്‍ എത്തിയത്. പിന്നീടാണ് ഫിഷറീസ് വകുപ്പ് ഇതിന്റെ മേല്‍നോട്ടം ഏറ്റെടുത്തത്.