കോഴിക്കോട്:(www.mediavisionnews.in):കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പതിനാല് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നേരത്ത പന്ത്രണ്ട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മഴക്കെടുതി രൂക്ഷമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മുഴുനായി റെഡ് പ്രഖ്യാപിച്ചത്.
പെരിയാറും ചാലക്കുടിപ്പുഴയും പമ്പയും ഉള്‍പ്പെടെ ചെറുതും വലുതുമായ പുഴകളാണ് കവിഞ്ഞൊഴുകുന്നത്. മലപ്പുറത്ത് വീട് തകര്‍ന്ന് ദമ്പതികളും മകനും മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് ഒരാളും മരിച്ചു. അഷ്ടമുടിക്കായലിൽ വള്ളംമുങ്ങി കുരീപ്പുറ ലില്ലിഭവനം പീറ്റർ മരിച്ചു. ആലപ്പുഴയില്‍ മീന്‍പിടുത്തബോട്ട് മുങ്ങി മൂന്നുപേരെ കാണാതായിട്ടുണ്ട്. തിരുവനന്തപുരം–നാഗര്‍കോവില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തി. ഇരണിയല്‍–കുഴിത്തുറ ഭാഗത്ത് ട്രാക്കില്‍ മണ്ണിടിഞ്ഞു.
ചരിത്രത്തിലാദ്യമായി 33 ഡാമുകള്‍ ഒരേസമയം തുറന്നു. പേമാരിയും പമ്പ അണക്കെട്ടില്‍നിന്ന് തുറന്നുവിട്ട വെള്ളവും പമ്പാനദിയില്‍ വെള്ളപ്പൊക്കം സൃഷ്ടിച്ചു. റാന്നി ടൗണ്‍, ഇട്ടിയപ്പാറ, വടശേരിക്കര, ആറന്മുള സത്രക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ആറന്മുള, തിരുവല്ല മേഖലകളില്‍ പമ്പാതീരത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. വെള്ളപ്പൊക്കം രൂക്ഷമായ അപ്പര്‍ കുട്ടനാട് മേഖലയിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകും. പെരിങ്ങല്‍ക്കുത്ത് ഉള്‍പ്പെടെയുള്ള ഡാമുകള്‍ തുറന്നുവിട്ടതോടെ ചാലക്കുടിപ്പുഴയില്‍ വെള്ളപ്പൊക്കമുണ്ടായി. ചാലക്കുടി പട്ടണമടക്കം വെള്ളപ്പൊക്ക ഭീഷണിയിലാണ്. അതിരപ്പള്ളി വാഴച്ചാല്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു . ചാലക്കുടി, വാല്‍പ്പാറ റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. മലങ്കര അണക്കെട്ടിലെ അഞ്ചുഷട്ടറുകളും ഒന്നരമീറ്റര്‍ വീതം ഉയര്‍ത്തി. തെന്മല ഡാമിന്റെ ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ ഉയര്‍ത്തി.
എരുമേലി പമ്പയാറ്റിലെ അഴുതമുന്നി, ആറാട്ടുകയം, കണമല, ഇടകടത്തി, കുരുമ്പന്‍മുഴി തീരപ്രദേശങ്ങള്‍ കനത്തമുഴയില്‍ വെള്ളത്തിനടിയിലായി. കണമല പാലം ഒഴികെയുള്ള അരഡസനിലേറെ പാലങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് ക്രമാതീതമായി വെള്ളം ഉയരുകയായിരുന്നു. വനത്തില്‍ ഉരുള്‍പൊട്ടിയതും ചില ഡാമുകള്‍ തുറന്നുവിട്ടതും പെരുവെള്ളം ഉയരാന്‍ ഇടയാക്കി. രാത്രി വൈകിയും പെരുവെള്ളം കുതിച്ചുയരുന്നതിനെ തുടര്‍ന്ന് തീരദേശ വാസികള്‍ പ്രാണരക്ഷാര്‍ഥം സ്ഥലത്തുനിന്നു മാറിക്കൊണ്ടിരിക്കുകയാണ്.
ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് പമ്പ നദിയില്‍ വന്‍ വെള്ള പൊക്കം. രാത്രിയില്‍ ആണ് വെള്ളം പൊങ്ങാന്‍ തുടങ്ങിയത്. കോഴഞ്ചേരി വഞ്ചിത്ര റോഡ് വെള്ളത്തില്‍. ചന്ത കടവില്‍ വള്ളപ്പുരയും കടന്നു ചന്തയുടെ അവിടെ വരെ വെള്ളം ആയി. കോഴഞ്ചേരി പൊയ്യനില്‍ പ്‌ളാസ, ആറന്മുള സത്രക്കടവ്, ഐക്കരമുക്ക് എന്നിവ വെള്ളത്തില്‍. വെള്ളം വരവ് തുടരുന്നു. ഈ അവസ്ഥയെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ കോഴഞ്ചേരി ടൗണില്‍ വെള്ളം കയറും.
തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യ ദിന പരിപാടികളില്‍ കുട്ടികള്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ ആവശ്യപ്പെടരുതെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഹാജര്‍ നിര്‍ബന്ധമാക്കരുത്. സുരക്ഷ ഉറപ്പു വരുത്തി മാത്രമേ കുട്ടികളെ സ്വാതന്ത്ര്യ ദിന പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കാവൂ. ഇക്കാര്യം മാതാപിതാക്കള്‍ ശ്രദ്ധിക്കണം.