മലപ്പുറത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞുണ്ടായ അപകടം; മരണം എട്ട് ആയി

0
260

മലപ്പുറം(www.mediavisionnews.in): മലപ്പുറത്ത് പെരുങ്ങാവില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഏട്ടു പേര്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി.

കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളെവരെ ഓറഞ്ച് അലര്‍ട്ടായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ മഴകുറയാത്തതിനാല്‍ മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പെയ്യുന്ന മഴ സംസ്ഥാനത്താകെ ദുരിതം വിതക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകള്‍ ഒരുപോലെ തുറന്ന് വിട്ടതിന് പിന്നാലെ ഇവയുടെ വൃഷ്ടി പ്രചദേശങ്ങളില്‍ മഴ തകര്‍ത്ത് പെയ്യുകയാണ്. ഇതുമൂലം ഉണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും കേരളം വിറക്കുകയാണ്.

മഴക്കെടുതിയില്‍ ഇന്ന് മാത്രം 20 പേരാണ് മരിച്ചത്. ഈ മാസം ഒന്‍പതു മുതല്‍ ഇതുവരെ മഴക്കെടുതിയില്‍ 49 പേരാണ് മരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കാണിത്. 12 ജില്ലകളിലാണ് ഇതിന് മുമ്ബ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മഴ ദുരിതത്തിന് ഉടന്‍ ആശ്വാസമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പലയിടത്തായും ഉരുള്‍പൊട്ടലുണ്ടായിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊല്ലംതേനി ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലേക്കുള്ള വാഹന ഗതാഗതം നിലച്ചതോടെ നിരവധി പേരാണ് കുമളിയില്‍ കുടുങ്ങി കിടക്കുന്നത്. കനത്ത മഴയില്‍ റോഡിന്റെ ഒരുവശം താഴേയ്ക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.

ഒറീസ്സ തീരത്തെ ന്യൂനമര്‍ദ്ദം ശക്തമായതാണ് കേരളത്തില്‍ കനത്ത മഴക്ക് വഴി വച്ചത്. ആലപ്പുഴ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ നാളെയും കനത്ത മഴ തുടരും. എറാണകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട് ആയിരിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലിയിരുത്തി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here