ദില്ലി (www.mediavisionnews.in): പ്രധാനമന്ത്രി നരേന്ദ്രമോദിയെ പല തവണ പൊങ്കാലയിലൂടെ മലയാളികള്‍ ഞെട്ടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ സൊമാലിയ പരാമര്‍ശത്തിനെതിരായ മലയാളികളുടെ പോ മോനെ മോദി ഹാഷ്ടാഗ് ലോകമാകെ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ മോദിക്ക് വീണ്ടും പൊങ്കാല ഒരുക്കിയിരിക്കുകയാണ് മലയാളികള്‍.
മഹാ പ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താനായി യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ നല്‍കിയ വാഗ്ദാനം സ്വീകരിക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയാണ് പൊങ്കാലയിലൂടെ ചോദ്യം ചെയ്യുന്നത്. മോദിയുടെ ഫേസ്ബുക്ക് പേജില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. എല്ലാ പോസ്റ്റിനും താഴെ കമന്‍റുകളുമായി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളെ സഹായിച്ചിട്ടുള്ള മോദി സര്‍ക്കാരിന്‍റെ മുന്‍കാല നടപടികളെയും മലയാളികള്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരം നെറികെട്ട നിലപാടിലൂടെ കേരളത്തെ തകര്‍ക്കം എന്ന് കേന്ദ്രം കരുതരുതെന്ന മുന്നറിയിപ്പും കമന്‍റുകളിലുണ്ട്. അറബ് രാജ്യങ്ങളുടെ സ്നേഹവും സപ്പോർട്ടും മലയാളി പ്രവാസികളുടെ വിയർപ്പിന്റെ വിലയാണെന്നും ചിലര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. തെറി വിളിക്കുന്ന കമന്‍റുകള്‍ക്കും ഒരു കുറവുമില്ല.
നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസത്തിന് 6000 കോടി രൂപ നൽകിയ മോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് കേരളത്തിന് 600 കോടി മാത്രം നല്‍കിയതെന്ന ചോദ്യം ഉന്നിയക്കപ്പെടുന്നുണ്ട്. ഗുജറാത്ത് ഭൂകമ്പകാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് കൈപറ്റിയ ദുരിതാശ്വാസഫണ്ടുകള്‍ മോദി സര്‍ക്കാര്‍ തിരിച്ചു നല്‍കണമെന്ന ആവശ്യവുമുണ്ട്.