നമ്മള്‍ പുനര്‍നിര്‍മിക്കും, ഒറ്റക്കെട്ടായി; ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക ആയിരം കോടി കവിഞ്ഞു

0
262

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാരും പ്രതിപക്ഷവും. പ്രളയക്കെടുതിയെയും പുനര്‍നിര്‍മാണത്തെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ഐക്യസന്ദേശമുയര്‍ന്നത്. ഒമ്പതുമണിക്കൂര്‍ നീണ്ട സമ്മേളനത്തില്‍ മഹാപ്രളയത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി. അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് പ്രളയമുണ്ടാക്കിയെന്ന ആരോപണവുമായി സര്‍ക്കാരിനെ പ്രതിപക്ഷം അതിനിശിതമായി വിമര്‍ശിച്ചു. ഒപ്പം ദുരിതാശ്വാസപുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണയും അവര്‍ പ്രഖ്യാപിച്ചു.

ചര്‍ച്ചയ്‌ക്കൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞു: ”നമുക്ക് നല്ലത് പ്രതീക്ഷിക്കാം.” തുടര്‍ന്ന് ഒത്തൊരുമ വ്യക്തമാക്കുന്ന, കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ സഹായം അഭ്യര്‍ഥിക്കുന്ന പ്രമേയം ഐകകണ്‌ഠ്യേന അംഗീകരിച്ച് സഭ പിരിഞ്ഞു.

മുഖ്യമന്ത്രി അവതരിപ്പിച്ച ഉപക്ഷേപത്തോടെയാണ് ചര്‍ച്ച തുടങ്ങിയത്. ഈ ദുരന്തമുണ്ടാക്കിയത് അണക്കെട്ടുകള്‍ അശാസ്ത്രീയമായി തുറന്നുവിട്ടതുകൊണ്ടാണെന്ന വാദം പ്രതിപക്ഷത്തുനിന്ന് സംസാരിച്ച എല്ലാവരും ഉയര്‍ത്തി. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു.

”ഇത് ഡാം ദുരന്തമാണ്. ദുരന്തമുണ്ടാക്കിയശേഷം സര്‍ക്കാര്‍ രക്ഷകന്റെ വേഷംകെട്ടുന്നു. ദുരിതാശ്വാസവും രക്ഷാദൗത്യവും ജനങ്ങളുടെ വിജയമാണ്. സൈന്യം നേരത്തേ വന്നിരുന്നെങ്കില്‍ ഇത്രയുംപേര്‍ മരിക്കില്ലായിരുന്നു. മത്സ്യത്തൊഴിലാളികള്‍ ആരും നിര്‍ബന്ധിച്ചിട്ടല്ല, സ്വമേധയാ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ജനങ്ങളാണ് എല്ലാം എത്തിച്ചത്. സര്‍ക്കാരല്ല. വ്യക്തമായ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും അണക്കെട്ടുകള്‍ പരിപാലിക്കുന്നതില്‍ വൈദ്യുതി, ജലവിഭവ വകുപ്പുകള്‍ വീഴ്ചവരുത്തി. റവന്യൂവകുപ്പ് പരാജയപ്പെട്ടു. ക്യാമ്പുകളില്‍ വലിയ പരാതികളാണ്” രമേശ് ചെന്നിത്തല പറഞ്ഞു. ബാര്‍ തുറക്കുന്ന ലാഘവത്തോടെയാണ് അണക്കെട്ടുകള്‍ തുറന്നതെന്ന് എം.കെ. മുനീര്‍ കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷേധിച്ചു. ”സര്‍ക്കാര്‍ രക്ഷകന്റെ വേഷം കെട്ടുകയല്ല, സര്‍ക്കാര്‍ തന്നെയാണ് രക്ഷകന്‍. ഇത് ജനങ്ങളുടെ വിജയംതന്നെ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയംവേണ്ട. അണക്കെട്ടുകള്‍ തുറന്നതുകൊണ്ടല്ല പ്രളയമുണ്ടായത്. അതിതീവ്രമഴ ദിവസങ്ങളോളം പെയ്തതുകൊണ്ടാണ്. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളില്‍ ന്യൂനതയുണ്ടായിരുന്നു” മുഖ്യമന്ത്രി പറഞ്ഞു. ”ന്യൂനതകള്‍ ഗണ്യമായ കുഴപ്പമുണ്ടാക്കി. പ്രളയദിവസങ്ങളില്‍ 24 മണിക്കൂറില്‍ 20 സെന്റീമീറ്റര്‍വരെ പെയ്യുന്ന അതിശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. ഇതിലും കൂടുതല്‍ പെയ്യുന്ന അതിതീവ്രമഴ പ്രവചിച്ചിരുന്നില്ല.-മുഖ്യമന്ത്രി പറഞ്ഞു

അതേസമയം, പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക ആയിരം കോടി കവിഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് ഇന്നുവരെ എത്തിയിരിക്കുന്നത് 1027.03 കോടി രൂപയാണ്. ചെക്കായും പണമായും ഇതുവരെ ലഭിച്ചിരിക്കുന്നത് 835.86 കോടി രൂപയാണ്. യുപിഐ പോലുള്ള പണമിടപാടു വഴി 46.04 കോടി രൂപയും ഇലക്ട്രോണിക് പണമിടപാടു വഴി 145.17 കോടി രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഒരു മാസത്തെ ശമ്പളമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. മലയാളികള്‍ മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ സ്വീകരിച്ചു കഴിഞ്ഞു. ഇന്ത്യന്‍ നേവി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 8.92 കോടി രൂപ സംഭാവന നല്‍കി. ചെക്ക് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലന്‍ബ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

അതേസമയം, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഒരു മാസത്തെ ശമ്പളം നല്‍കും. പത്തു തവണയായി തുക നല്‍കുന്നതിനുള്ള ചെക്കുകള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയ തുകയുടെവിശദവിവരങ്ങള്‍ക്ക്:bit.ly/cmdrfstats

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9947019278 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here