മക്ക(www.mediavisionnews.in): ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍. മാസപ്പിറവി വൈകിയതിനാല്‍ കേരളത്തില്‍ നാളെയാണ് പെരുന്നാള്‍. ഒമാനടക്കം ആറ് ഗള്‍ഫ് രാജ്യങ്ങളും ഇന്ന് പെരുന്നാള്‍ നിറവിലാണ്.
പ്രവാചകന്‍ ഇബ്രാഹിമിന്റെയും മകന്‍ ഇസ്മായിലിന്റെയും ത്യാഗസ്മരണകളിലാണ് ഇസ്‍ലാമിക സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രധാനകര്‍മങ്ങളെല്ലാം പൂര്‍ത്തിയായതിന്റെ ആഘോഷം കൂടിയാണിത്. പള്ളികളും ഈദ്ഗാഹുകളും പെരുന്നാള്‍ നമസ്കാരത്തിനായി സജ്ജമായി.
നാട്ടിലെ പ്രളയകെടുതികളുടെ നൊമ്പരങ്ങള്‍ക്കിടയിലാണ് ലക്ഷകണക്കിന് മലയാളി പ്രവാസികള്‍ ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ മലയാളം ഖുത്തുബയുള്ള ഈദ്ഗാഹുകള്‍ എല്ലായിടത്തുമുണ്ട്. കടുത്ത വേനലായതിനാല്‍ യുഎഇ, ഒമാന്‍ എന്നിവിടങ്ങളില്‍ രാവിലെ ആറിനും, സൗദി, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ രാവിലെ അഞ്ചിനും ഈദ് നമസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. വീടുകളും പള്ളികളും തക്ബീര്‍ മുഖരിതമാണ്. മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തില്‍ ബലിയറുക്കാനും മാംസം അര്‍ഹരിലേക്ക് എത്തിക്കാനും വിപുലമായ സൗകര്യമൊരുക്കിയിട്ടുണ്ട്.