തിരുവനന്തപുരം(www.mediavisionnews.in) :രാജ്യസഭാ സീറ്റില്‍ കേരളാ കോണ്‍ഗ്രസിന് നല്‍കിയിലുള്ള വി എം സുധീരന്റെ പ്രതിഷേധം പുതിയ തലത്തിലേക്ക്. സുധീരന്‍ യുഡിഫ് ഉന്നതധികാര സമിതിയില്‍ നിന്നും രാജി പ്രഖ്യാപിച്ച് തന്റെ പ്രതിഷേധം കടുപ്പിക്കുകയാണ്. ഇമെയില്‍ വഴിയാണ് രാജി പ്രഖ്യാപനം. ഇന്ന് രാവിലെ കെപിസിസി നേതൃത്വത്തിനാണ് സുധീരന്‍ രാജി നല്‍കിയിരുന്നത്. കെ എം മാണി അംഗമായ ഉന്നതിധികാര സമിതിയിലേക്ക് താനില്ലെന്ന് തരത്തിലുള്ള രാജി പ്രഖ്യാപനം കോണ്‍ഗ്രസില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കളം ഒരുക്കും.
കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റ് പാര്‍ട്ടി കേരളാ കോണ്‍ഗ്രസിന് വിട്ടു കൊടുത്തതില്‍ ഒരു വിഭാഗത്തിന് ഇപ്പോഴും അതൃപ്തിയുണ്ട്. അവരുടെ പ്രതിഷേധം പാര്‍ട്ടിയില്‍ പ്രകടമാക്കുന്നതിന് സുധീരന്റെ രാജി വഴി സാധിക്കുമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നു. ഇനി വിഷയത്തില്‍ പ്രശ്‌നപരിഹരത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
നേരത്തെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി അധ്യക്ഷനുമായ വി എം സുധീരന്‍ രംഗത്ത് വന്നിരുന്നു. ഗ്രൂപ്പ് നേതാക്കളാണ് കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ത്തുന്നത്. താന്‍ കെപിസിസി അധ്യക്ഷ സ്ഥാനമേറ്റത് ഉമ്മന്‍ ചാണ്ടിക്ക് ഇഷ്ടമായില്ല. പ്രസിഡന്റയായ ശേഷം താന്‍ ഉമ്മന്‍ചാണ്ടിയെ വീട്ടില്‍ പോയി കണ്ടിരുന്നു. അന്നും അദ്ദേഹം അനിഷ്ടം പ്രകടമാക്കി.
ചെങ്ങന്നൂരില്‍ പരാജയത്തിന് കാരണം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനവിശ്വാസം ആര്‍ജിക്കാന്‍ സാധിക്കാതെ പോയതാണ്. പല നിര്‍ണായക സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് എതിരെ ജനപക്ഷത്ത് നിന്ന് ഫലപ്രദമായ പ്രതികരണം പ്രതിപക്ഷത്ത് നിന്നുണ്ടായിട്ടില്ല. പേരിനുള്ള പ്രതിഷേധം മാത്രമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാക്കുന്നത്.
വിഴിഞ്ഞം കരാറില്‍ ഉമ്മന്‍ ചാണ്ടി എഐസിസി നിര്‍ദേശം പോലും അവഗണിച്ചിരുന്നു. ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, എ കെ ആന്റണി എന്നിവരെ തന്റെ നേതാക്കന്മാരായിട്ടാണ് കാണുന്നത്. പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കാതെ ഗ്രൂപ്പ് മാനേജര്‍മാര്‍ മുന്നോട്ട് പോകുന്നത് പാര്‍ട്ടിക്ക് ദോഷകരമായി ഭവിക്കുന്നു. ഉമ്മന്‍ചാണ്ടിയും എം എം ഹസനും അടക്കമുള്ള നേതാക്കള്‍ പരസ്യപ്രസ്താവന വിലക്ക് ലംഘിച്ചിട്ടുണ്ട്.
കെപിസിസി യോഗത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാം മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. അതു കൊണ്ട് യോഗത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മറച്ചുവെയ്ക്കണ്ട കാര്യമില്ല. ചില അവസരങ്ങളില്‍ കെപിസിസി യോഗത്തിലെ കാര്യങ്ങള്‍ തെറ്റായി മാധ്യമങ്ങള്‍ വന്നിട്ടുണ്ട്.
താന്‍ 418 ബാര്‍ അടച്ച് പൂട്ടാനാണ് നിര്‍ദേശിച്ചത്. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ നടത്തുന്ന ബാറുകള്‍ അടച്ച് പൂട്ടാനാണ് താന്‍ ആവശ്യപ്പെട്ടത്. ഈ ബാറുകള്‍ അനുമതി നല്‍കിയത് ഇടതുപക്ഷ ഗവണ്‍മെന്റയായിരുന്നു. 1982 മുതല്‍ മദ്യലഭ്യത കുറയ്ക്കാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇതാണ് പാര്‍ട്ടിയുടെ കാലങ്ങളായിട്ടുള്ള പ്രഖ്യാപിത നയം. ഇതിന് കരുണാകാരന്‍ മന്ത്രിസഭയും ആന്റണി മന്ത്രിസഭയും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാട് ഇതു തന്നെയായിരുന്നു.
ബാറുകള്‍ അടച്ചു പൂട്ടാനുള്ള തന്റെ നിര്‍ദേശത്തിന് വന്‍ ജനപിന്തുണ ലഭിച്ചു. യുഡിഎഫിലെ ഘടക കക്ഷികളും മാധ്യമങ്ങളും തന്നെ പിന്തുണയ്ക്കുന്നതില്‍ ചിലര്‍ക്ക് അസൂയ തോന്നി. അതു കാരണമാണ് മദ്യനയത്തിന്റെ ഭാഗമായി 730 ബാറുകള്‍ അടച്ചൂ പൂട്ടാന്‍ തീരുമാനിച്ചത്. അസൂയ തോന്നിയത് ബാര്‍ അടച്ചൂ പൂട്ടാന്‍ തീരുമാനിച്ചവര്‍ക്കാണെന്നും സുധീരന്‍ വ്യക്തമാക്കി.
മദ്യനയമാണ് യുഡിഎഫിന്റെ പരാജയത്തിന് കാരണമെന്ന് വന്‍പ്രചാരണമാണ് നടത്തുന്നത്. ഈ നയം വേണ്ട രീതിയില്‍ ജനങ്ങളില്‍ എത്തിച്ചില്ല. മദ്യനയത്തെ വിമര്‍ശിക്കുന്നതിന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ശ്രമിച്ചു. വി എം സുധീരന്‍ ഇതിലൂടെ നേട്ടമുണ്ടാക്കുമെന്ന് ചിലര്‍ വിചാരിച്ചു. നേതാക്കളുടെ വ്യക്തിഗത താത്പര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന് ഗുണകരമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്നര മണിക്കുറിലധികം നീണ്ട പത്രസമ്മേളനത്തില്‍ പലവട്ടം സുധീരന്‍ ഉമ്മന്‍ചാണ്ടിയെ പേര് പറഞ്ഞ് വിമര്‍ശിച്ചു. രമേശ് ചെന്നിത്തലയുടെ പേര് പറഞ്ഞെങ്കിലും പല ഘട്ടങ്ങളിലും പേരു പറയാതെയും വിമര്‍ശനം ഉന്നിയിച്ചിരുന്നു.