കുടകില്‍ ശക്തമായ മഴയും ഉരുള്‍പ്പൊട്ടലും: 11 മരണം; 20 പേരെ കാണാതായി

0
303

മടിക്കേരി(www.mediavisionnews.in): കര്‍ണാടകയിലെ കുടക്, മടിക്കേരി പ്രദേശങ്ങളില്‍ ശക്തമായ മഴയും ഉരുള്‍പ്പൊട്ടലും. കുടകില്‍ ഉരുള്‍പ്പൊട്ടലില്‍ വീട് തകര്‍ന്നു വീണ് രണ്ടാഴ്ച പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. കടകേയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു പേരും ജോദുപാല, മുവതൊക്ലു എന്നിവിടങ്ങളില്‍ രണ്ടു പേരും മരിച്ചു.

കര്‍ണാടക മന്ത്രി ആര്‍.വി ദേശ്പാണ്ഡെയാണു മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. കുടക് ജില്ലയിലെ ജോദുപാലയില്‍ ഉരുള്‍പൊട്ടലില്‍ 20 പേരെ കാണാതായി. മടിക്കേരി, കുശാല്‍ നഗര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. ജോഡുപാലയില്‍ മലയിടിഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടു.

ഇവിടെനിന്ന് 300 ഓളം പേരെ സുള്ള്യയിലെ സംപാജെ, അറന്‍തോട് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. ആയിരങ്ങള്‍ ഒറ്റപ്പെട്ടുകിടക്കുകയാണെന്നാണ് വിവരം. മൊബൈല്‍ നെറ്റവര്‍ക്കുകള്‍ തകരാറിലായതിനാല്‍ നിരവധി പേര്‍ക്ക് രക്ഷാപ്രവര്‍ത്തകരെയോ ബന്ധുക്കളെയോ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.

സംസ്ഥാന സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെയുള്‍പ്പെടെ സഹായം തേടിയിട്ടുണ്ട്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാണ്. എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സിന്റെയും ബോട്ടുകളുമായി സൈന്യത്തിന്റെയും രക്ഷാപ്രവര്‍ത്തനം മേഖലയില്‍ പുരോഗമിക്കുകയാണ്.

12 നാവിക സേന നീന്തല്‍ വിദഗ്ദരും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. നിരവധി മലയാളികളും കുടക് മേഖലയില്‍ താമസിക്കുന്നുണ്ട്. മടിക്കേരി, സോമവാര്‍പേട്ട, വിരാജ്‌പേട്ട, സിദ്ധാപുര എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലെ പണവും തീര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. മടിക്കേരിയിലെ ദുരന്ത ബാധിത മേഖലകളില്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഇന്ന് സന്ദര്‍ശനം നടത്തി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here