കാസര്‍കോട് (www.mediavisionnews.in) : നിയമാനുസൃതമായി മണല്‍ കടത്തുന്നതിനിടയില്‍ പൊലീസുകാര്‍ കൈക്കൂലി വാങ്ങിയ സംഭവത്തെ കുറിച്ച് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ് പി. പി ജ്യോതികുമാര്‍ അന്വേഷണം തുടങ്ങി. ജില്ലാ പൊലീസ് ചീഫ് ഡോ. എ ശ്രീനിവാസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് നടപടിക്കും അന്വേഷണത്തിനും നിര്‍ദ്ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് ഹൈവേ പട്രോളിംഗ് എസ് ഐ എം വി ചന്ദ്രന്‍, കാസര്‍കോട് ട്രാഫിക് എ എസ് ഐ പി അനന്ദ, ഫ്‌ളൈയിംഗ് സ്‌ക്വാഡ് എ എസ് ഐ പി മോഹനന്‍ എന്നിവരെ ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്‌തിട്ടുണ്ട്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നു നിയമപരമായി കൊണ്ടുവരുന്ന മണല്‍ ലോറികള്‍ തടഞ്ഞു നിര്‍ത്തി കൈക്കൂലി വാങ്ങിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തു വിട്ടിരുന്നു. തുടര്‍ന്നാണ് നടപടിയെടുത്തതും അന്വേഷണത്തിനു നിര്‍ദ്ദേശം നല്‍കിയതും. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കൈക്കൂലി വാങ്ങിച്ചതിനെക്കുറിച്ചും ഡെപ്യൂട്ടി കമ്മീഷണര്‍ പി ബാലകൃഷ്‌ണനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സൈസ് വകുപ്പും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.