ജ്യേഷ്ഠന്റെ മയ്യിത്ത് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ അനുജനും കുഴഞ്ഞുവീണു മരിച്ചു

0
284

ദോഹ (www.mediavisionnews.in): കുഴഞ്ഞുവീണു മരിച്ച ജ്യേഷ്ഠന്റെ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിനിടെ അനുജനും കുഴഞ്ഞു വീണു മരിച്ചത് കുടുംബത്തെയും നാട്ടുകാരേയും ദു:ഖത്തിലാഴ്ത്തി. തൃശൂര്‍, ചാവക്കാടിനടുത്ത വട്ടേക്കാട് പുതിയവീട്ടില്‍ മഞ്ഞിയില്‍ റിസാലുദ്ദീന്‍ (48) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച അല്‍ഖോറില്‍ വെച്ച് കുഴഞ്ഞുവീണു മരിച്ച ജ്യേഷ്ടന്‍ പുതിയവീട്ടില്‍ മഞ്ഞിയില്‍ ഇര്‍ഷാദി (50)ന്റെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനായി രേഖകള്‍ ശരിയാക്കാന്‍ വിമാനത്താവളത്തിലെത്തിയതായിരുന്നു.

ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെത്തിയ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പരേതനായ കെ ടി അബ്്ദുല്ലയാണ് പിതാവ്. മാതാവ്: കുഞ്ഞിപ്പാത്തുണ്ണി. ഖത്തര്‍ പെട്രോളിയത്തില്‍ ജോലി നോക്കിയിരുന്ന രിസാലുദ്ദീന്റെ ഭാര്യ ഷറീനയും മക്കളായ ബഹീജ, ബാസില, ബിഷാന്‍, ബിഹാസ് എന്നിവരും ഖത്തറിലുണ്ട്. 20 വര്‍ഷമായി ഖത്തറിലുള്ള ഇര്‍ഷാദ് ഇമാല്‍കോ ട്രേഡിംഗ് കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു.

ദോഹയില്‍ താമസിക്കുന്ന ഇര്‍ഷാദ് വെള്ളിയാഴ്ച ഭാര്യാ സഹോദരിയുടെ അല്‍ഖോറിലെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു. ഭാര്യ ഷെഹര്‍ബാനു വഖറ ഹമദ് ആശുപത്രിയില്‍ ഹ്യൂമണ്‍ റിസോഴ്‌സ് വിഭാഗത്തില്‍ ജോലി നോക്കുന്നു. ഡി പി എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ത്ഥിനി ഇഷ ഇര്‍ഷാദ് മകളാണ്. ഇര്‍ഷാദിന്റെ മൃതദേഹം മുന്‍നിശ്ചയിച്ച പ്രകാരം നാട്ടിലേക്ക് കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here